ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും രണ്ടാമത്തെ മകന്റെ പേര് വാര്‍ത്തകളിലിടം നേടിയിരുന്നു. കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ് കുഞ്ഞിന്റെ പേര് വെളിപ്പൈടുത്തിയത്. ജെ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ജെ എന്നല്ലെന്നും ജഹാംഗീര്‍ എന്നാണെന്നും കരീന ഈയിടെ എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.

തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തില്‍ കരീനയുടെ കുടുംബം ചിത്രം പങ്കുവച്ചിട്ടുണ്ട്. അതിലെ കുറിപ്പില്‍ രണ്ടാമത്തെ കുട്ടിയുടെ പേരിന്റെ സ്ഥാനത്ത് ജഹാംഗീര്‍ എന്നാണ് കുറിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മു​ഗള്‍ വംശത്തിലെ ചക്രവര്‍ത്തിയായ  ജഹാംഗീറിന്റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ കരീന കുഞ്ഞിന് പേരിട്ടതെന്ന് വ്യക്തമല്ല.

നേരത്തെ മൂത്ത മകന്‍ തൈമൂറിന്റെ പേര് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ സെയ്ഫും കരീനയും നേരിട്ടിരുന്നു. തിമൂറി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ സ്വേച്ഛാധിപതിയുടെ പേര്  കരീന മകന് നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ രാജാവിന്റെ പേര് മകന് നല്‍കി എന്നായിരുന്നു വിമര്‍ശനം. ജെ എന്ന ഇളയ മകന്റെ പേരും വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങിയിരുന്നു.

വിമര്‍ശനങ്ങളെ തുടര്‍ന്ന് തൈമൂറിന്റെ പേര് മാറ്റാന്‍ വരെ താന്‍ ചിന്തിച്ചിരുന്നുവെന്ന് സെയ്ഫ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കരീനയാണ് തന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും സെയ്ഫ് പറഞ്ഞിരുന്നു. തൈമൂറിന്റെ പിറകേ പാപ്പരാസികള്‍ വട്ടമിട്ടു പറക്കുന്നതിനാല്‍ ഇളയ മകന്റെ ചിത്രങ്ങളോ അധികം വിശേഷങ്ങളോ കരീനയും സെയ്ഫും പുറത്തിവിടാറില്ല. കുഞ്ഞിന്റെ മുഖം മറച്ച ചിത്രങ്ങളാണ് താരങ്ങള്‍ പുറത്ത് വിട്ടതിലേറെയും.

Content Highlights: Kareena Kapoor and Saif Ali Khan’s second son name is not Jeh but Jehangir, pregnancy bible Book