'എന്റെ പക്കല്‍ മറ്റൊന്നുമില്ല, പക്ഷേ അമ്മയുണ്ട്, അമ്മയുടെ അനുഗ്രഹമുണ്ട്'- ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ എ.ആര്‍ റഹ്മാന്‍ പറഞ്ഞ വാക്കുകളായിരുന്നു ഇവ. ഭര്‍ത്താവ് ആര്‍.കെ ശേഖറിന്റെ മരണത്തില്‍ പോലും കസ്തൂരി (കരീമ ബീഗം) തളര്‍ന്നില്ല. അന്ന് സിനിമകളില്‍ ഏറെ തിരക്കുണ്ടായിന്നുവെങ്കിലും പണമുണ്ടാക്കാനും സ്വന്തം ആരോഗ്യം നോക്കാനും മറന്നു പോയിരുന്നു ആര്‍. കെ ശേഖര്‍. ചിട്ടയില്ലാത്ത ജീവിതം വൈകാതെ ഉദരരോഗത്തിന് നിമിത്തമായി. അസുഖം രൂക്ഷമായിട്ടും ജോലിയില്‍ മുടക്കം വരുത്താതിരിക്കാന്‍ ശേഖര്‍ ശ്രദ്ധിച്ചു. വെല്ലൂരില്‍ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായിട്ടും വേദനക്ക് കുറവുണ്ടായില്ല. അതിനിടെ ഏതോ ഡോക്ടര്‍ മരുന്ന് മാറി കുത്തിവെച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. എന്നിട്ടും ജോലിയില്‍ പൂര്‍ണമായി മുഴുകി എല്ലാ വേദനയും മറക്കാന്‍ ശ്രമിച്ചു. ഒടുവില്‍ കീഴടങ്ങി, മരിക്കുമ്പോള്‍ പ്രായം വെറും 43. പറക്കമുറ്റാത്ത നാല് കുട്ടികളും ഭാര്യയും നിസ്സഹായരായി.
ശേഖറിന്റെ സംഗീതോപകരണങ്ങളെല്ലാം വാടകയ്ക്ക് കൊടുത്തായിരുന്നു അവർ ചെലവു നടത്തിയത്. ശേഖറിന്റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്കെടുത്തിരുന്നവരില്‍ ഇളയരാജയും ഉണ്ടായിരുന്നു. ശേഖറിന്റെ മകന്‍ ദിലീപിന്റെ (എ.ആര്‍ റഹ്മാന്‍) കഴിവിനെക്കുറിച്ച് ബോധ്യമുള്ള ആളായിരുന്നു അദ്ദേഹം. ദീലീപിനെ ആദ്യമായി സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയത് സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററായിരുന്നു. അടിമച്ചങ്ങല എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് വേളയില്‍ സ്റ്റുഡിയോയിലെ ടേപ്പ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു 14 വയസ്സുകാരന്‍ പയ്യന്റെ ആദ്യ ദൗത്യം. പതുക്കെ അര്‍ജുനന്‍ മാസ്റ്ററുടെ റെക്കോര്‍ഡിംഗുകളില്‍ കീബോര്‍ഡ് വായിച്ചുതുടങ്ങി. പിന്നീട് ഇളയരാജയുടെയും. 14 വയസ്സുകാരന്‍ പിന്നീട് ലോകം അറിയുന്ന എ.ആര്‍ റഹ്മാനായി വളര്‍ന്നു. തന്റെ വിജയത്തിന് പിന്നില്‍ അമ്മയുടെ നിശ്ചയദാര്‍ഢ്യമാണെന്നാണ് റഹ്മാന്‍ പറയാറുള്ളത്. ജീവിതത്തില്‍ ഒരുപാട് കനല്‍ വഴികള്‍ താണ്ടിയെങ്കിലും ഒരു മഹാപ്രതിഭയെ ലോകത്തിന് സംഭാവന നല്‍കിയാണ് കരീമ ബീഗം ഇപ്പോള്‍ വിട ചൊല്ലിയിരിക്കുന്നത്.
ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്നു കസ്തൂരി. ശേഖറിന്റെ മരണത്തോടെ ഹിന്ദുവിശ്വാസിയായിരുന്ന അവര്‍ സൂഫിസത്തില്‍ ആകൃഷ്ടയായി. പീര്‍ കരീമുള്ള ഷാ ക്വാദ്രിയായിരുന്നു അവരുടെ ആത്മീയഗുരു. പിന്നീട് കുടുംബമൊന്നടങ്കം പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. തന്റെ പേര് എന്തുകൊണ്ടോ ചേര്‍ന്നതല്ലെന്ന് ദിലീപ് കുമാര്‍ കരുതിയിരുന്നു. അതിനിടെ സഹോദരിയുടെ വിവാഹക്കാര്യത്തിനുവേണ്ടി ഒരു ജ്യോതിഷിയെ കാണാനിടയായി. പേര് മാറ്റണമെന്നായിരുന്നു ജ്യോതിഷിയുടെയും അഭിപ്രായം. അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ റഹിം എന്നീ പേരുകളാണ് നിര്‍ദേശിച്ചത്. റഹ്മാന്‍ എന്ന പേരാണ് ദിലീപിന് ഇഷ്ടമായത്. അല്ലാറഖ (ദൈവത്താല്‍ സംരക്ഷിക്കപ്പെട്ട) എന്നുകൂടി പേരിനൊപ്പം ചേര്‍ക്കണമെന്ന് അമ്മയ്ക്ക് തോന്നി. അല്ലാറഖ റഹ്മാന്‍ അഥവാ എ.ആര്‍. റഹ്മാന്‍ എന്ന പുതിയ പേരുണ്ടായതങ്ങനെയാണ്.
Content Highlights: Kareema Beegam, A R Rahman, RK Sekhar, GV Prakash, A. R. Reihana, Bhavani Sre