സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഇനി ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. വാടകഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ക്ക് യഷ്, റൂഹി എന്ന് പേരിടുകയും ചെയ്തു കരണ്‍.

കഴിഞ്ഞ മാസം മുംബൈ അന്ധേരിയിലെ മസ്രാണി ആശുപത്രിയിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ആശുപത്രി രേഖയില്‍ അച്ഛന്റെ പേര് മാത്രമേയുള്ളൂ. അമ്മയുടെ പേരിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്.

കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ച് ട്വിറ്ററില്‍ വികാരനിര്‍ഭരമായൊരു കുറിപ്പിട്ടുണ്ട് കരണ്‍.

എന്റെ ജീവിതത്തിലേയ്ക്ക് രണ്ട് പേര്‍ കൂടി വന്നിരിക്കുകയാണ്. എന്റെ കുട്ടികള്‍, എന്റെ ആശ്രയങ്ങള്‍. റൂഹിയും യഷും. വൈദ്യശാസ്ത്രത്തിന്റെ അത്ഭുതം കൊണ്ട് ഈ ലോകത്തെത്തിയ ഇവരുടെ അച്ഛനാവാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി കാണുന്നു.

എല്ലാ ഉത്തരവാദിത്തങ്ങളും ചുമതലകളും കണക്കിലെടുത്ത് ആലോച്ചിച്ചുറപ്പിച്ചെടുത്ത വൈകാരികമായൊരു തീരുമാനമായിരുന്നു ഇത്. ഈ തീരുമാനത്തില്‍ എത്താനായി എനിക്ക് മാനസികമായും ശാരീരികമായും വൈകാരികമായും ഒരുപാട് തയ്യാറെടുപ്പുകള്‍ വേണ്ടിവന്നിരുന്നു. എന്റെ കുട്ടികള്‍ക്ക് അളവറ്റ സ്‌നേഹവും കരുതലും ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. ഇവരാണ് ഇനിയെന്റെ ലോകം, ഇവര്‍ക്കാണ് എന്റെ പ്രഥമ പരിഗണന. ഇനി മുതല്‍ ജോലിയും യാത്രകളും മറ്റ് ഉത്തരവാദികങ്ങളും അല്‍പം കുറയ്‌ക്കേണ്ടിവരും. അതിന് ഒരുക്കമാണ് ഞാന്‍. ദൈവകൃപ കൊണ്ട് സ്‌നേഹനിധിയായ അമ്മയാണ് എന്റേത്. അമ്മയായിരിക്കും ഈ കൊച്ചുമക്കളെ വളര്‍ത്തുക. കുടുബാംഗങ്ങളെപ്പോലുള്ള സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ടാകും.

 ഈ ലോകത്തെത്തിക്കും വരെ കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹവും വാത്സല്യവും കരുതലും നല്‍കിയ ആ അമ്മയോടും എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എന്റെ പ്രാര്‍ഥനകളില്‍ അവര്‍ക്കെന്നും സ്ഥാനമുണ്ടായിരിക്കും. വേണ്ട മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കിയ ഡോ. ജതിന്‍ ഷായോടും ഞാന്‍ നന്ദി പറയുന്നു.-കരണ്‍ ട്വിറ്ററില്‍ കുറിച്ചു.