മുംബൈ: ഗുസ്തി ഇതിഹാസം മഹാവീര്‍ ഫൊഗട്ടിന്റെ ജീവിതകഥ പറയുന്ന ആമിര്‍ ഖാന്റെ ഡംഗല്‍ റിലീസിന് മുന്‍പേ നിരൂപകപ്രശംസ പിടിച്ചുപറ്റുന്നു. സംവിധായകന്‍ കരണ്‍ ജോഹറാണ് പ്രിവ്യൂ കണ്ട് ചിത്രത്തെ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ മികച്ചൊരു പടം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കണ്ടിട്ടില്ല. വിവരിക്കാന്‍ വാക്കുകളില്ല എന്നാണ് നായകന്‍ ആമിറിന്റെ വീട്ടില്‍ നടന്ന പ്രത്യേക സ്‌ക്രീനിങ് കണ്ടശേഷം കരണ്‍ ട്വീറ്റ് ചെയ്തത്. സംവിധായകരായ അയാന്‍ മുഖര്‍ജി, സോയ അക്തര്‍, നടന്‍ കുനാല്‍ കപുര്‍ എന്നിവരുമുണ്ടായിരുന്നു കരണിനൊപ്പം സ്‌ക്രീനിങ്ങിന്.
ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി ഗോദയിലിറങ്ങിയ ഗുസ്തി സഹോദരിമാരായ ബബിത, ഗീതഫ ഫൊഗട്ട് എന്നിവരുടെ അച്ഛനാണ് മഹാവീര്‍ ഫൊഗട്ട്. ആമിര്‍ ഖാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതേഷ് തിവാരിയാണ്. ഫാത്തിമ സന ഷെയ്ഖ് ഗീത ഫൊഗട്ടിനെയും സന്യ മല്‍ഹോത്ര ബബിത കുമാരിയെയും അവതരിപ്പിക്കുന്നു. ഡിസംബര്‍ 23നാണ് ചിത്രത്തിന്റെ തിയ്യറ്റര്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.