ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 83-ലെ ദീപിക പദുക്കോണിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്.
 
ചിത്രത്തില്‍ കപില്‍ ദേവിന്‍റെ ഭാര്യ റോമി ദേവായി എത്തുന്നത് ദീപികയാണ്. രണ്‍വീര്‍ സിങ് ആണ് കപിലായി എത്തുന്നത്. 
 
വിവാഹശേഷം രണ്‍വീറും ദീപികയും ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് '83'.

83 Movie

 
 
1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.  83 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി ജീവ വേഷമിടുന്നു. കപില്‍ ദേവ് ബയോപിക്കില്‍ 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.  
 
 
ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ധര്‍മ്മശാലയില്‍ ക്രിക്കറ്റ് പരിശീലനത്തിലാണ് അഭിനേതാക്കള്‍. 
 
ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രനിമിഷമാണ് 1983ലെ ലോകകപ്പ് കിരീടനേട്ടം. ലോര്‍സ്ഡില്‍ അന്ന് കപിലിന്റെ ചെകുത്താന്മാര്‍ കൈവരിച്ച നേട്ടമാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ വിപ്ലവത്തിന് വഴിവച്ചത്. 2020 ഏപ്രില്‍ 10 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 
Content Highlights : kapil dev biopic 83 movie Deepika Padukone As Romi Dev First Look Ranveer Singh As Kapil