കാന്താരയിൽ ഋഷഭ് ഷെട്ടി | ഫോട്ടോ: www.instagram.com/hombalefilms/
2022-ലെ സൂപ്പർഹിറ്റ് ചിത്രം കാന്താരയുടെ പ്രീക്വൽ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം നടന്ന കാന്താര 100-ാം ദിനാഘോഷ ചടങ്ങിനിടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാന്താരയിൽ പറഞ്ഞ കാര്യങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളാകും ചിത്രത്തിലുണ്ടാകുക.
ഇപ്പോൾ കണ്ടത് രണ്ടാം ഭാഗമാണെന്നും കാന്താരയുടെ ആദ്യഭാഗം അടുത്തവർഷമുണ്ടാകുമെന്നും ഋഷഭ് ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. കാന്താരയുടെ ചിത്രീകരണ സമയത്താണ് ഇങ്ങനെയൊരാശയം മനസിലേക്ക് വന്നത്. കാന്താര എന്ന ചിത്രത്തിന് പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ദൈവത്തിന്റെ കടാക്ഷം കൊണ്ടാണ് ചിത്രം നൂറുദിവസത്തിലേക്കെത്തിയതെന്നും ഋഷഭ് പറഞ്ഞു.
‘നായകന്റെ അച്ഛന്റെ ജീവിത പശ്ചാത്തലം എന്തെന്ന് കാന്താരയിൽ പറയുന്നില്ല. അയാളുടെ ദൈവികതയാണ് കാന്താരയുടെ കാതൽ. പ്രീക്വലിൽ ഈ കഥാപാത്രത്തിന്റെ പശ്ചാത്തലവും കാന്തരയുടെ ചരിത്രവുമാകും പറയുക. കാന്താരയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് പെട്ടെന്ന് പ്രീക്വൽ ആശയം മനസ്സിൽ തെളിഞ്ഞത്. കാന്താരയുടെ ചരിത്രം ഒരുപാട് ആഴമുള്ളതാണ്. നിലവിൽ, ഇതിൻറെ എഴുത്ത് പുരോഗമിക്കുകയാണ്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.’’ ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ മുൻഭാഗമോ, പിൻഭാഗമോ ചെയ്യാൻ ആലോചനയുണ്ടെന്നും. ഇക്കാര്യം ഋഷഭുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ നിർമാതാവായ വിജയ് കിരഗണ്ടൂർ വ്യക്തമാക്കിയിരുന്നു. ‘കെ.ജി.എഫ്.’ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെത്തുടർന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്.
16 കോടി രൂപ മുടക്കി നിർമിച്ച ചിത്രം 400 കോടിയിലേറെയാണ് വരുമാനമുണ്ടാക്കിയത്. അടുത്ത അഞ്ചുവർഷത്തിനിടെ രാജ്യത്തെ വിനോദവ്യവസായത്തിൽ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും വിജയ് കിരഗണ്ടൂർ പറഞ്ഞിരുന്നു.
Content Highlights: kantara prequel coming, official confirmation from rishab shetty and hombale films
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..