കണ്ണൂര്‍: തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം. ബഹിഷ്‌കരണത്തെ മുഖ്യമന്ത്രിതന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എം.പി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എം.എല്‍.എ.യുമായ കെ.ബി. ഗണേഷ്‌കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

'പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കാന്‍. തങ്ങളുടെ സാന്നിധ്യം ഒരു ബാധ്യതയായി അവര്‍ കാണേണ്ടതായിരുന്നു. ഈ വിമര്‍ശനത്തെ പോസിറ്റീവ് ആയി കാണണം' -മുഖ്യമന്ത്രി പറഞ്ഞു.

ദിലീപ് പ്രശ്‌നത്തില്‍ സര്‍ക്കാരുമായി പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരു വലിയവിഭാഗം ഇടഞ്ഞുനില്‍ക്കുകയാണ്. ഗണേഷും ശ്രീനിവാസനും പരസ്യമായിത്തന്നെ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചു. ഗണേഷ് ജയില്‍ സന്ദര്‍ശനത്തിനുശേഷം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിനെ ജയിലില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ കൂട്ടമായി സന്ദര്‍ശിക്കാന്‍ പോകുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുയര്‍ന്നു.

സര്‍ക്കാരിനോടുള്ള ഒരു പ്രതിഷേധം എന്നനിലയിലാണ് ഈ ബഹിഷ്‌കരണം വിലയിരുത്തപ്പെടുന്നത്. സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പ്രകടിപ്പിച്ചതും. തന്ത്രത്തെ മുഖ്യമന്ത്രി കാര്യമാക്കിയില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രസംഗം.

മികച്ചനടനുള്ള അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച വിനായകനും ഈ ബഹിഷ്‌കരണത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 'ആരുവന്നാലും വന്നില്ലേലും പ്രശ്‌നമില്ല. സിനിമയെ തകര്‍ക്കാന്‍ കഴിയില്ല' എന്നായിരുന്നു വിനായകന്റെ വാക്കുകള്‍.

ചടങ്ങിലവതരിപ്പിച്ച നൃത്തത്തിനൊടുവില്‍ നടി റിമ കല്ലിങ്കലും മറ്റൊരുതരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോടുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'അവള്‍ക്കൊപ്പം' എന്ന പോസ്റ്റര്‍ റിമ പ്രദര്‍ശിപ്പിച്ചു.