കൊച്ചി: അഞ്ച് നായകന്മാർ അണിനിരക്കുന്ന ചിത്രവുമായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, ഗ്രിഗറി എന്നിവരാണ് തുല്യ പ്രാധാന്യമുള്ള നായകകഥാപാത്രങ്ങളെ അവരിപ്പിക്കുന്നത്. അച്ചായന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത് ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള പരമ്പരാഗത കുടുംബത്തില്‍ അംഗങ്ങളായവരുടെ കഥയാണ്. ഒക്ടോബര്‍ അവസാന വാരം ഫാേർട്ട് കൊച്ചിയില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്കായി മറ്റ് നാല് ലൊക്കേഷനുകള്‍ കൂടി കണ്ടുവെച്ചിട്ടുണ്ട്. കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ് എന്നിവയാണ് ഫോര്‍ട്ട് കൊച്ചി അല്ലാതെയുള്ള ലൊക്കേഷനുകള്‍. 

സേതു സച്ചി കൂട്ടുകെട്ടിലെ സേതു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മണിയന്‍പ്പിള്ള രാജു, സാജു കൊടിയന്‍ തുടങ്ങിയ ആളുകളും അഭിനയിക്കുന്നുണ്ട്. സിനിമയ്ക്കായി മൂന്നു നായികമാരെയാണ് സംവിധായകന്‍ കണ്ടുവെച്ചിരിക്കുന്നത്. ഇവരില്‍ രണ്ടു പേരും പുതുമുഖങ്ങളായിരിക്കും. നായികമാരുടെ പേരുകള്‍ പുറത്തുവിടാറായിട്ടില്ലെന്ന് കണ്ണന്‍ പറഞ്ഞു. പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം രതീഷ് വേഗ.

'നായകന്മാരായി എത്തുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്മാരായും എത്തുന്നത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. നായകന്മാര്‍ക്ക് തന്നെ നെഗറ്റീവ് ഷെയ്ഡ് കൊടുത്താണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഫണ്‍ ത്രില്ലര്‍ ട്രാവല്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് വലിയ മുടക്കുമുതലാണ് പ്രതീക്ഷിക്കുന്നത്' - കണ്ണന്‍ താമരക്കുളം പറഞ്ഞു. 

ഏറെ നാളത്തെ ഇടവേളയ്ക്ക്ശേഷം പ്രകാശ് രാജ് മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് അച്ചായന്‍സിന്. സെലക്ടീവായി മാത്രമെ ഇനി സിനിമകളില്‍ അഭിനയിക്കൂ എന്ന പ്രഖ്യാപിച്ചിരുന്ന പ്രകാശ് രാജ് ഫോണിലൂടെ തന്നെ തന്റെ കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്ന് സമ്മതിച്ചെന്നും അതിന്ശേഷമാണ് അദ്ദേഹത്തെ നേരില്‍ കണ്ട് പ്രൊജക്ടിനായി സൈന്‍ ചെയ്തതെന്നും കണ്ണന്‍ പറഞ്ഞു. 

'പ്രകാശ് രാജ് ഇപ്പോള്‍ സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി കണ്ണില്‍കണ്ട സിനിമകളില്‍ എല്ലാം അഭിനയിക്കില്ല, സെലക്ടീവായി മാത്രമെ അഭിനയിക്കു എന്ന് പ്രഖ്യാപിച്ചിരുന്നു. പ്രകാശ് രാജിനെ ഫോണില്‍ വിളിക്കുന്നത് ജയറാമേട്ടനാണ്. ഫോണില്‍ സംസാരിക്കവെ അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായി. ഏതാണ്ട് 20 മിനിറ്റ് സംസാരിച്ചപ്പോള്‍ തന്നെ അദ്ദേഹം ഈ വേഷം ചെയ്യാമെന്ന് സമ്മതിച്ചു. എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നൊരു കാര്യമായിരുന്നു ഇത്. കഥയും അദ്ദേഹത്തിന്റെ കഥാപാത്രവും ഇഷ്ടമായത് കൊണ്ടാണ് പെട്ടെന്ന് തന്നെ അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചത്' - കണ്ണന്‍ പറഞ്ഞു. 

തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ സിനിമകള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് കണ്ണന്‍ താമരക്കുളം ജയറാമിനെ വെച്ച് സിനിമ ചെയ്യുന്നത്.