പുനീത് രാജ്കുമാർ
ബെംഗളൂരു: കന്നഡ നടൻ പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ (46) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകം. വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന വന്നതിനെത്തുടർന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

തങ്ങൾ സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പുനീതിന്റെ മരണം ഉൾക്കൊള്ളാനായിട്ടില്ല ആരാധകർക്ക്. ആശുപത്രിക്ക് മുന്നിലും പുനീതിന്റെ വസതിക്ക് മുന്നിലും ആരാധകർ തടിച്ചു കൂടിയിരിക്കുകയാണ്. ക്രമസമാധാനം നിലനിർത്താൻ കനത്ത ജാഗ്രതയിലാണ് പോലീസും.
സിനിമാ-കായിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പുനീതിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര് ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര് നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.
ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്.
അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.
അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്. 2012 ല്‍ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍' എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളില്‍ അവതാരകനായി തിളങ്ങി.
സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു
content highlights : Kannada power star Puneeth Rajkumar passed Away film fraternity remembers puneeth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..