ബംഗളൂരു : തനിക്കെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന വെളിപ്പെടുത്തലുമായി കന്നഡ നടി സംയുക്ത ഹെഗ്ഡേ. സുഹൃത്തുക്കൾക്കൊപ്പം പാർക്കിൽ ചെലവഴിക്കവെ ഒരു സ്ത്രീ അടക്കമുള്ള സംഘം ആക്രമണം നടത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് നടി ആരോപിക്കുന്നു. ആക്രമണത്തിന്റെ വീഡിയോയും നടി പങ്കുവെക്കുന്നുണ്ട്.
സെപ്റ്റംബർ 4ന് വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. മോശമായി പെരുമാറിയെന്നാരോപിച്ചാണ് സംഘം നടിക്കെതിരെ തിരിഞ്ഞത്. കന്നഡ സിനിമയിലെ മയക്കുമരുന്ന് റാക്കറ്റിൽ തന്റെ പേരുമുൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സംയുക്ത പറയുന്നു.
ഫിറ്റ്നസ്സിൽ അതീവ ശ്രദ്ധ പുലർത്തുന്ന സംയുക്ത സ്പോർട്സ് വസ്ത്രം ധരിച്ചാണ് സുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരുന്നത്. സംയുക്തയുടെ വേഷത്തെയും അക്രമികൾ പരിഹസിച്ചു. തന്നെ പരിഹസിച്ച കവിത റെഡ്ഡി എന്ന സ്ത്രീയോട് കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോയും സംയുക്ത ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അക്രമികളിൽ പ്രധാനിയായ ഈ സ്ത്രീ ആരെന്ന് കണ്ടെത്തണമെന്ന ആവശ്യമറിയിച്ച് നടി ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. ബെംഗളൂരു അഗാര തടാകത്തിനടുത്തു വച്ചാണ് സംഭവം നടന്നതെന്നും നടി പറയുന്നു. ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് നമ്മൾ ഇന്നു ചെയ്യുന്ന കാര്യങ്ങളാണ് എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ ട്വീറ്റ്.