തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യില്‍ നിന്നുള്ള കങ്കണ റണാവത്തിന്റെ പുതിയ ചിത്രങ്ങൾ വെെറലാകുന്നു. ‍

ജയലളിതയുടെ ചരമദിനത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

"ജയ അമ്മയുടെ ചരമദിനത്തിൽ, തലൈവി എന്ന ഞങ്ങളുടെ സിനിമയിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവയ്ക്കുന്നു..എന്റെ ടീമിന് എല്ലാ നന്ദിയും. പ്രത്യേകിച്ചും ഞങ്ങളുടെ ടീമിന്റെ നേതാവ് വിജയ് സാറിനോട്...ഈ സിനിമ പൂർത്തിയാക്കാൻ അതിമാനുഷനെ പോലെയാണ് അദ്ദേഹം പണിയെടുക്കുന്നത്. ഇനി ഒരാഴ്ച്ച കൂടി..." ചിത്രങ്ങൾ പങ്കുവച്ച് കങ്കണ ട്വീറ്റ് ചെയ്തു.

എ.എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്. 

ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്.

നിര്‍മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 'തായ്: പുരട്ചി തലൈവി' എന്നാണ് ഈ സിനിമയുടെ പേര്.

Content Highlights : Kangana Shares New Pictures from Thalaivi Movie Shamna Kasim AL Vijay Jayalalitha