-
ബോളിവുഡ് യുവനടൻ സുശാന്ത് സിംഗ് രാജ്പുതിൻറെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്മശ്രീ തിരികെ നൽകാൻ തയ്യാറാണെന്ന് നടി കങ്കണ റണാവത്.സുശാന്തിന്റെ മരണ ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ബോളിവുഡിലെ പല പ്രമുഖർക്കെതിരേയും കങ്കണ രംഗത്ത് വന്നിരുന്നു.
സ്വജനപക്ഷപാതത്തിന്റെ വക്താക്കൾ ബോളിവുഡിൽ ഉണ്ടെന്നും സുശാന്ത് ഏറെ മാനസിക പ്രയാസം സിനിമയിൽ നിന്നും നേരിട്ടിരുന്നെന്നും സുശാന്തിന്റേത് ആത്മഹത്യയല്ല വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കങ്കണ ആരോപിച്ചിരുന്നു.
സുശാന്തിൻറെ മരണവുമായി സംബന്ധിച്ച കേസിൽ മൊഴി നൽകാൻ കങ്കണയെ പോലീസ് വിളിപ്പിച്ചിരുന്നു. മുംബൈ പൊലീസ് വിളിച്ചിരുന്നു. പക്ഷേ മണാലിയിൽ ആയതിനാൽ മൊഴിയെടുക്കാൻ ആരെയെങ്കിലും അയയ്ക്കാമോയെന്ന് താൻ തിരക്കിയിരുന്നു.
''എന്നാൽ അതിന് ശേഷം അവരിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ല. പറയുന്ന കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ എനിക്ക് ലഭിച്ചപദ്മശ്രീ ഞാൻ തിരികെ നൽകും.ഞാനത് അർഹിക്കുന്നില്ല. വിവാദ പ്രസ്താവനകൾ നടത്തി റെക്കോർഡുകൾ സൃഷ്ടിക്കാൻ താൽപര്യമുള്ള വ്യക്തിയല്ല ഞാൻ, തനിക്ക് പറയാനുള്ള കാര്യങ്ങൾ പൊതുവേദിയിലാണ് ഞാൻ പറഞ്ഞിട്ടുളളത്''- റിപബ്ലിക് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി.
ബോളിവുഡ് താരങ്ങളായ താപ്സി പന്നു സ്വര ഭാസ്കർ എന്നിവരെയും കങ്കണ വിമർശിച്ചു.
''സിനിമയ്ക്ക് പുറത്തു നിന്ന് വന്ന എന്നാൽ ഇപ്പോൾ അതിനകത്തു നിൽക്കുന്ന സ്വാർഥരായ താപ്സി പന്നുവും സ്വര ഭാസ്കറും പറഞ്ഞേക്കാം അവർ ബോളിവുഡിനെ സ്നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങൾ ബോളിവുഡിനെ സ്നേഹിക്കുന്നുവെങ്കിൽ, കരൺ ജോഹറിനെ സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ആലിയയെയും അനന്യയെയും പോലെ നിങ്ങൾക്കും സിനിമകൾ കിട്ടുന്നില്ല, അവർ ഇവിടെ നിലനിൽക്കുന്നത് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്. എന്റെ ഈ തുറന്നു പറച്ചിലുകൾക്ക് ശേഷം എന്നെ ഭ്രാന്തിയായി ചിത്രീകരിക്കുന്ന ലേഖനങ്ങൾ വരും എനിക്കറിയാം;;- കങ്കണ പറയുന്നു.
ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദ ഗോരമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനങ്ങൾ. എന്നാൽ സുശാന്തിൻറെ മരണത്തിന് പിന്നിൽ സിനിമയിലെ മാഫിയ ആണെന്നും ആത്മഹത്യയല്ല കൊലപാതകമാണെന്നുമായിരുന്നു കങ്കണ ആരോപിച്ചത്.
Content Highlights :Kangana says she will Return Padma Shri if She Cant Prove Her Claims About Sushants death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..