കോവിഡിനെ ജലദോഷപ്പനിയായി സിസ്സാരവത്കരിച്ചുകൊണ്ടുള്ള നടി കങ്കണ റണാവതിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഇന്‍സ്റ്റാഗ്രാം. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് താരം പങ്കുവച്ച കുറിപ്പിലാണ് കോവിഡിനെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നത്. 

'കുറച്ച് ദിവസങ്ങളായി ഞാന്‍ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകള്‍ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകാന്‍ തീരുമാനിച്ച സമയമായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഞാന്‍ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. ഞാനിപ്പോള്‍ ക്വാറന്റീനില്‍ ആണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേല്‍ ആര്‍ക്കും ഒരു അധികാരവും നല്‍കരുത്, നിങ്ങള്‍ ഭയന്നാല്‍ അവര്‍ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം.വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം ', എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.  കോവിഡ് മഹാമാരി രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ് കങ്കണ ഇത്തരത്തിലൊരു പരാമാര്‍ശം നടത്തിയത്. ഇതിന് പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെടുകയായിരുന്നു. 

എന്നാല്‍ ഇതിനെതിരേ താരം പ്രതികരിച്ചിട്ടുണ്ട്. 

ഇന്‍സ്റ്റാഗ്രാമില്‍ എല്ലാവരും മുതലാളിത്തത്തിന്റെ ഇരകളാണെന്ന് പറയുന്ന കങ്കണ തന്നെ ഈ പ്ലാറ്റ്‌ഫോം ഒരിക്കലും ആകര്‍ഷിച്ചിട്ടില്ലെന്നും ഇവിടെ നിരോധിക്കപ്പെടാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അത് ഒരു ബഹുമതിയായി കണക്കാക്കുമെന്നും കുറിക്കുന്നു. 

വിദ്വേഷ പ്രചരണം നടത്തിയെന്ന് വ്യക്തമാക്കി അടുത്തിടെ കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.

Content Highlights : Kangana Ranauts instagram Post Calling COVID Small Time Flu Deleted By Instagram