രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധിക്ക് കാരണം ജനസംഖ്യാ വർദ്ധനയാണെന്ന് ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ ട്വീറ്റ്.

"രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നിർബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. പക്ഷേ ഇന്നത്തെ ഈ പ്രതിസന്ധി നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ ഈടാക്കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും"’–കങ്കണ ട്വീറ്റ് ചെയ്യുന്നു.

"അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്​. എന്നാൽ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക്​ മൂന്നിരട്ടിയാണ്. ചൈനക്ക്​ ഇന്ത്യയേക്കാൾ ജനസംഖ്യയുണ്ടാകാം. എന്നാൽ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം രാജ്യത്ത് വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവർ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ  കൈകാര്യം ചെയ്യാനാവുമെന്നാണ് പറയുന്നത്.? ജനസംഖ്യാ വർദ്ധനവ് കാരണം ആളുകൾ കൊല്ലപ്പെടുന്നു. രേഖകളിൽ 130 കോടി ജനങ്ങൾ എന്നാണ്. എന്നാൽ ഇതിന് പുറമേ 250 കോടി അനധികൃത കുടിയേറ്റക്കാരെ കൂടി കൂട്ടണം. ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണ്.  പക്ഷേ വാക്സിനേഷൻ നടപ്പാക്കുന്നതിലും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലും ലോകത്തെ നയിക്കുന്നതിൽ ഒരു മികച്ച നേതൃത്വം നമ്മുടെ രാജ്യത്തിന് ലഭിച്ചു. എന്നാൽ നമ്മളും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലേ?"  കങ്കണ ചോദിക്കുന്നു

കങ്കണയുടെ വാദത്തെ പരിഹസിച്ച് കൊമേഡിയൻ സനോലി ഗൗർ രംഗത്തെത്തിയിട്ടുണ്ട്. കങ്കണയ്ക്ക് രണ്ട് സഹോദരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സനോലിയുടെ പരിഹാസം. എന്നാൽ സനോലിയെ വിഡ്ഡിയെന്ന് പരാമർശിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്.

"എന്റെ മുത്തച്ഛന് അക്കാലത്ത് 8 സഹോദരങ്ങൾ ഉണ്ടായിരുന്നു, ആ സമയത്ത് ധാരാളം കുട്ടികൾ മരിക്കാറുണ്ടായിരുന്നു, കാടുകളിൽ മനുഷ്യരല്ല, മൃ​ഗങ്ങൾ തന്നെയായിരുന്നു അധികവും. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം. ചൈനയെപ്പോലെ ജനസംഖ്യാ നിയന്ത്രണമാണ് ഇപ്പോഴത്തെ ആവശ്യം". കങ്കണ ട്വീറ്റ് ചെയ്തു

Content Highlights : Kangana Ranaut wants fine or imprisonment for Third child to control population