മുംബൈ: കവി ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകുന്നതില്‍നിന്ന് ആരോഗ്യസ്ഥിതി പരിഗണിച്ച് നടി കങ്കണ റണൗട്ടിന് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച ഇളവനുവദിച്ചു. ഇനി ഇളവുണ്ടാകില്ലെന്നും സെപ്റ്റംബര്‍ 20-ന് നടക്കുന്ന വിചാരണയില്‍ ഹാജരായില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കുമെന്നും മജിസ്ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ കങ്കണയ്ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ കങ്കണ റണൗട്ട് അനാവശ്യമായി തന്റെപേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ ഈവര്‍ഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണനല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിനുശേഷം ആദ്യംനടന്ന വിചാരണയായിരുന്നു ചൊവ്വാഴ്ചത്തേത്. പുതിയ സിനിമയുടെ പ്രചാരണത്തിനായി കങ്കണ പലയിടത്തും യാത്രയിലായിരുന്നെന്നും തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഇക്കാര്യം പരിഗണിച്ച് നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവു നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇത് നാടകമാണെന്നും ഈ വര്‍ഷം ഫെബ്രുവരിമുതല്‍ കങ്കണ തുടര്‍ച്ചയായി സമന്‍സുകള്‍ ലംഘിച്ചുവരികയാണെന്നും ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, കങ്കണയുടെ അഭിഭാഷകന്‍ ഹജരാക്കിയ വൈദ്യപരിശോധനാ രേഖകള്‍ പരിശോധിച്ച കോടതി ഇത്തവണത്തേക്ക് കങ്കണയ്ക്ക് ഇളവു നല്‍കുന്നതായി അറിയിക്കുകയായിരുന്നു. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 20-ന് തുടരുമെന്നും അന്ന് കങ്കണ ഹാജരാകണമെന്നും മജിസ്ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ വ്യക്തമാക്കി. അന്ന് ഹാജരായില്ലെങ്കില്‍ കങ്കണയ്ക്കെതിരേ വാറന്റ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് നേരത്തേ കങ്കണയ്‌ക്കെതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരായതിനുശേഷം അവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ജാവേദ് അക്തറിന്റെ പരാതി ലഭിച്ചയുടന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മജിസ്ട്രേറ്റ് കോടതി തുടര്‍നടപടികള്‍ സ്വീകരിച്ചത് എന്നു ചൂണ്ടിക്കാണിച്ചാണ് കങ്കണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം പരിഗണിച്ച് മജിസ്ട്രേറ്റ് കോടതിയുടെ നടപടികളെല്ലാം റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് രേവതി മോഹിതേ ദേരേയുടെ ഏകാംഗ ബെഞ്ചാണ് കങ്കണയുടെ ഹര്‍ജി തള്ളിയത്.

Content Highlights: Kangana Ranaut vs Javed Akhtar Defamation Case, court to issue warrant if actress fails to appear