കങ്കണ റണാവത്ത്, ജാവേദ് അക്തർ
മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി. നിലവില്‍ കേസിന്റെ വാദം അന്ധേരി മെട്രോപോളിറ്റൻ കോടതിയിലാണ് നടക്കുന്നത്. ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് കങ്കണ മുംബൈ മെട്രോപോളിറ്റൻ കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിയിരിക്കുകയാണിപ്പോള്‍.
അന്ധേരി കോടതി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പൂര്‍ണമായും നിയമസംവിധാനങ്ങളോട് നീതിപുലര്‍ത്തുന്നതാണെന്നും കങ്കണയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും- അഡീഷണല്‍ ചീഫ് എസ്.ടി ഡാന്റെ പറഞ്ഞു.
അന്ധേരി കോടതിയോട് തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സമന്‍സില്‍ ഹാജരാകാതെ ഇരുന്നപ്പോള്‍ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി ഭീഷണിപ്പെടുത്തിയെന്നുമാണ് കങ്കണയുടെ വാദം. ഹാജരാകാതെ ഇരുന്നാല്‍ വാറന്റ് പുറപ്പെടുവിക്കുക എന്നത് സ്വാഭാവികമായ നടപടിയാണെന്നും ഇതെങ്ങനെയാണ് ഭീഷണിയാവുക എന്നും കോടതി ചോദിച്ചു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തനിക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ, ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി അത് തള്ളി. അന്നും അന്ധേരി കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
2020 ലാണ് ജാവേദ് അക്തര്‍ കങ്കണയ്ക്കെതിരേ പരാതി നല്‍കിയത്. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അന്ധേരി മജിസ്ട്രേറ്റ് കോടതി കേസില്‍ നടപടികള്‍ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു.
Content Highlights: Kangana Ranaut vs Javed Akhtar Defamation Case, metropolitan magistrate court Mumbai rejects plea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..