ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് താരത്തിന്റെ ആൻഡമാൻ സന്ദർശനം.  സെല്ലുലാര്‍ ജയിലില്‍ വി.ഡി സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലിലെത്തിയ കങ്കണ അവിടെനിന്നുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 

"കാലാപാനിയിലെ വീർ സവർക്കറുടെ സെല്ലിൽ ഇന്ന് എത്തി. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം സവർക്കർ ജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി,  എല്ലാ ക്രൂരതകളെയും കണ്ണിൽ നോക്കിത്തന്നെ നിശ്ചയദാർഢ്യത്തോടെ നേരിട്ടു...അവർ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും. അതുമാത്രമല്ല അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു, കൂറ്റൻ മതിലുകൾ ഉള്ള ഒരു ജയിൽ പണിതു, ഒരു ചെറിയ സെല്ലിൽ അടച്ചു. അല്ലാത്തപക്ഷം കടലിന് കുറുകെ അദ്ദേഹം പറന്നുപോകും എന്നതുപോലെ. ഭീരുക്കള്‍!.."ചിത്രങ്ങളോടൊപ്പം കങ്കണ കുറിച്ചു.

ശര്‍വേഷ് മെവാന സംവിധാനം ചെയ്യുന്ന തേജസിൽ ഒരു വ്യോമസേനാ പൈലറ്റിന്‍റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.  തലൈവിയാണ് കങ്കണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തേജസിന് പുറമേ ധാക്കഡ്, മണികർണിക 2, സീത എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. 

content highlights :  Kangana Ranaut visits Veer Savarkar cell In Kala Pani Andaman