ടി താപ്‌സി പന്നുവിനെതിരേ വീണ്ടും പരിഹാസവുമായി കങ്കണ റണാവത്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ച് തപ്‌സി നടത്തിയ ഒരു പ്രതികരണമാണ് കങ്കണയെ ചൊടിപ്പിച്ചത്. ട്വിറ്ററില്‍ കങ്കണയുടെ അഭാവം താന്‍ അറിയുന്നില്ലെന്നും (കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു) തന്റെ ജീവിതത്തില്‍ അവര്‍ അപ്രസക്തയാണെന്നും താപ്‌സി പറഞ്ഞു. തുടര്‍ന്നാണ് കങ്കണ മറുപടിയുമായി രംഗത്ത് വന്നത്.

'ഒരു കാലത്ത് ഞാന്‍ വേണ്ടെന്ന് വച്ച വേഷങ്ങള്‍ക്ക് വേണ്ടി താപ്‌സി നിര്‍മാതാക്കളുടെ അടുത്ത് കെഞ്ചുമായിരുന്നു. ഇന്ന് ഞാന്‍ അപ്രസക്തയാണെന്ന് പറയുന്നു. ആളുകളും അവരുടെ വിചിത്രസ്വഭാവവും.. നിങ്ങളുടെ സിനിമ എന്റെ പേരില്ലാതെ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കൂ'- കങ്കണ കുറിച്ചു.

മറ്റൊരു കുറിപ്പില്‍ താപ്‌സിയെ ബി ഗ്രേഡ്  നടി എന്ന് വിളിച്ചായിരുന്നു പരിഹാസം. തന്റെ പേരുപയോഗിച്ച് സിനിമ വില്‍ക്കുന്നതില്‍ വിരോധമില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 

'എന്റെ പേരോ സ്‌റ്റൈലോ ഉപയോഗിച്ച് ബി ഗ്രേഡ് നടിമാര്‍ അഭിമുഖങ്ങള്‍ വൈറലാക്കുന്നതിലോ സിനിമ വില്‍ക്കുന്നതിലോ എനിക്ക് എതിര്‍പ്പില്ല. അവര്‍ ഇന്‍ഡസ്ട്രിയില്‍ വളരുവാനായി പല കാര്യങ്ങളും ചെയ്യും. ഞാന്‍ ഇവര്‍ക്കൊക്കെ പ്രചോദനമാണ്. ശ്രീദേവി, വഹീദ റഹ്മാന്‍ പോലുള്ളവരായിരുന്നു എനിക്ക് പ്രചോദനം. എന്നാല്‍ എന്റെ വളര്‍ച്ചയില്‍ അവരെ ഞാന്‍ മോശക്കാരാക്കി ചിത്രീകരിച്ചിട്ടില്ല'- കങ്കണ പറയുന്നു.

കങ്കണയോട് പ്രതികരിക്കാനില്ലെന്നാണ് താപ്‌സി ഇതിനെല്ലാം മറുപടിയായി പറഞ്ഞത്. തന്റെ വിലപ്പെട്ട സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് താപ്‌സി പറഞ്ഞു. 

Content Highlights: Kangana Ranaut slams Taapsee Pannu, says Taapsee  begged producers for her left over roles, irrelevant statement