കങ്കണ റണാവത്ത്, നവാസുദ്ദീൻ സിദ്ദിഖി | photo: pti,afp
മുന്‍ഭാര്യ ആലിയ സിദ്ദിഖി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ നവാസുദ്ദീന്‍ സിദ്ദിഖിക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. മൗനം നമുക്ക് എപ്പോഴും സമാധാനം തരില്ലെന്ന് കങ്കണ പറഞ്ഞു. നവാസുദ്ദീന്‍ പങ്കുവെച്ച് പോസ്റ്റ് സ്റ്റോറിയാക്കിക്കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
ആവശ്യമായ പ്രതികരണമാണ് നവാസുദ്ദീന്‍ സിദ്ദിഖി നടത്തിയതെന്ന് കങ്കണ പറഞ്ഞു. മൗനം എപ്പോഴും സമാധാനം നല്‍കില്ലെന്നും ഇങ്ങനെ ഒരു പ്രതികരണം നടത്തിയതില്‍ സന്തോഷമുണ്ടെന്നും നടി കുറിച്ചു. ഈ വിഷയത്തിലെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാഗം അറിയാന്‍ താത്പര്യമുള്ള നിരവധി ആരാധകരുണ്ടെന്നും മറ്റൊരു പോസ്റ്റിലൂടെ കങ്കണ ചൂണ്ടിക്കാട്ടി. ഇതിന് മുന്‍പും ആലിയ വിഷയത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്ക് പിന്തുണയുമായി കങ്കണ എത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി ഗുരുതരമായ ആരോപണങ്ങളാണ് നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുന്‍ഭാര്യ ആലിയ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയായിരുന്നു നടന്‍ ഇതിനെതിരേ ആദ്യമായി പ്രതികരിച്ചത്. ആലിയക്ക് പണമാണ് വേണ്ടതെന്നും അവര്‍ തുടര്‍ച്ചയായി തനിക്കും അമ്മയ്ക്കുമെതിരേ നിരവധി കേസുകള്‍ നല്‍കിയിരിക്കുകയാണെന്നും നവാസുദ്ദീന്‍ പറഞ്ഞു. അതവരുടെ സ്ഥിരം പരിപാടിയാണെന്നും നടന്‍ കുറിച്ചു.
നിശബ്ദനായിരിക്കുന്നതിനാല്‍ എല്ലായിടത്തും ഒരു മോശക്കാരന്‍ എന്നാണ് തന്നെ വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നവാസുദ്ദീന്‍ സിദ്ദിഖി കുറിപ്പ് ആരംഭിക്കുന്നത്. ഈ തമാശയെല്ലാം എന്റെ കൊച്ചുകുട്ടികള്‍ എവിടെയെങ്കിലും വായിക്കും എന്നതിനാലാണ് ഞാന്‍ മിണ്ടാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാനും ആലിയയും ഒരുമിച്ചല്ല താമസിക്കുന്നതെന്ന് ആദ്യമേ പറയട്ടെ. ഞങ്ങള്‍ ഇതിനോടകം വിവാഹബന്ധം വേര്‍പെടുത്തുകയും കുട്ടികള്‍ക്കുവേണ്ടി ഒരു ധാരണയിലെത്തുകയുമായിരുന്നു. കുട്ടികള്‍ ഇന്ത്യയില്‍ തുടരുന്നതെന്തിനെന്നും കഴിഞ്ഞ 45 ദിവസമായി എന്തുകൊണ്ട് സ്‌കൂളില്‍ പോകുന്നില്ലെന്നും ആര്‍ക്കെങ്കിലും അറിയാമോ എന്ന് നവാസുദ്ദീന്‍ ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിവസവും സ്‌കൂളില്‍ നിന്ന് കത്തുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ ഇത്രയും ദിവസമായി തടങ്കലിലാണെന്നും നവാസുദ്ദീന്‍ പറയുന്നു.
'കഴിഞ്ഞ രണ്ടുവര്‍ഷമായി ആലിയക്ക് ഏകദേശം പത്തുലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കുട്ടികളുമൊത്ത് ദുബായിലേക്ക് പോകുന്നതിന് മുമ്പ് ഏഴ് ലക്ഷം രൂപയോളം മാസം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ഫീസ്, മെഡിക്കല്‍, യാത്രാചെലവുകള്‍ കൂടാതെയാണിത്. ആലിയ സിദ്ദിഖിയുടെ മൂന്ന് സിനിമകള്‍ക്കാണ് ഞാന്‍ പണം മുടക്കിയത്. അവര്‍ക്കൊരു വരുമാനം കണ്ടെത്തുന്നതിനുവേണ്ടിയായിരുന്നു അത്. അവരെന്റെ കുട്ടികളുടെ അമ്മയാണ്. കുട്ടികള്‍ക്കുവേണ്ടി അവര്‍ ആഡംബര കാറുകളാണ് വാങ്ങിയത്. പക്ഷേ അവ വില്‍ക്കുകയും സ്വന്തം ആവശ്യത്തിനുപയോഗിക്കുകയും ചെയ്തു. കുട്ടികള്‍ക്കായി ഞാന്‍ മുംബൈയിലെ വെര്‍സോവയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന ആഡംബര ഫ്ളാറ്റ് വാങ്ങിയിട്ടുണ്ട്. കുട്ടികള്‍ ചെറുതായതിനാല്‍ ആലിയയാണ് ഈ ഫ്ളാറ്റിന്റെ സഹ ഉടമ. ദുബായില്‍ കുട്ടികള്‍ക്കായി വാടകയ്ക്കെടുത്തുനല്‍കിയ ഫ്ളാറ്റില്‍ സസുഖം വാഴുകയാണ് ആലിയ.
ആലിയക്ക് പണം മാത്രമാണ് വേണ്ടത്. അവര്‍ തുടര്‍ച്ചയായി എനിക്കും അമ്മയ്ക്കുമെതിരേ നിരവധി കേസുകള്‍ നല്‍കിയിരിക്കുകയാണ്. അതവരുടെ സ്ഥിരം പരിപാടിയാണ്. ഇതിനും മുമ്പും ആലിയ ഇങ്ങനെ ചെയ്തിട്ടുണ്ട്. ആവശ്യപ്പെടുന്ന പണം കൊടുക്കുമ്പോള്‍ എല്ലാ കേസും പിന്‍വലിക്കാറുമുണ്ട്. കുട്ടികളെ ഈ നാടകത്തിലേക്ക് ആലിയ വലിച്ചിഴയ്ക്കുകയായിരുന്നു. എന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയും എന്റെ കീര്‍ത്തി കളങ്കപ്പെടുത്തുകയുമാണ് ഇതിന്റെയെല്ലാം ഉദ്ദേശ്യം. പ്രപഞ്ചത്തിലെ ഒരു രക്ഷിതാവും അയാളുടെ കുട്ടികളുടെ നല്ല ഭാവി നഷ്ടപ്പെടണമെന്ന് ആഗ്രഹിക്കില്ല. ഇന്ന് ഞാന്‍ സമ്പാദിക്കുന്നതെല്ലാം എന്റെ കുട്ടികള്‍ക്കുവേണ്ടിയാണ്. അതിലൊരാള്‍ക്കും മാറ്റം വരുത്താനാവില്ല. ഷോറയുടേയും യാനിയുടേയും നല്ല ഭാവിക്കായി ഏതറ്റം വരെയും പോകും', നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ആലിയയും അഭിഭാഷകനായ റിസ്വാനും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിനെതിരേ ആലിയ ബലാല്‍സംഗക്കേസ് നല്‍കിയിരുന്നു. തന്നെയും മക്കളേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായും അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.
Content Highlights: Kangana Ranaut supports Nawazuddin siddiqui after he breaks silence over feud with ex-wife
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..