കങ്കണ, ഭാഗികമായി പൊളിച്ച കങ്കണയുടെ ഓഫീസ് കെട്ടിടം | photo: twitter.com|KanganaTeam
ബ്രിഹാൻ മുംബൈ കോർപ്പറേഷൻ ഭാഗികമായി പൊളിച്ച തന്റെ ഓഫീസ് കെട്ടിടം നവീകരിക്കുന്നില്ലെന്നും തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുന്ന് തന്നെ ജോലി ചെയ്യുമെന്നും വ്യക്തമാക്കി നടി കങ്കണ റണാവത്. പൊളിച്ചു തുടങ്ങിയ കെട്ടിടത്തിനകത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോയും നേരത്തെ കങ്കണ പങ്കുവച്ചിരുന്നു. മുംബൈ ഹൈക്കോടതിയുടെ സ്റ്റേ പ്രകാരം പൊളിക്കുന്നത് നിർത്തി വച്ചെങ്കിലും ഉപയോഗിക്കാനാവാത്ത വിധം തകർന്ന അവസ്ഥയിലാണ് കങ്കണയുടെ ഓഫീസ് ഇപ്പോൾ. ജനാധിപത്യത്തിന്റെ മരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് താൻ കെട്ടിടം പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയത്.
ജനുവരി 15 നാണ് എന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൊറോണ നമ്മളെ പിടികൂടി. നിങ്ങൾ പലരെയും പോലെ അതിന് ശേഷം ഞാൻ ജോലി ചെയ്തിരുന്നില്ല. കെട്ടിടം പുതുക്കി പണിയാൻ പണമില്ല, ഈ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഞാൻ ജോലി ചെയ്യും, ഈ ലോകത്ത് പറന്നുയരാൻ ധൈര്യപ്പെടുന്ന ഒരു സ്ത്രീയുടെ ഇച്ഛയുടെ പ്രതീകമായാണ് ആ ഓഫീസ് നശിപ്പിക്കപ്പെട്ടത്-കങ്കണ ട്വീറ്റ് ചെയ്യുന്നു. കങ്കണ v/s ഉദ്ദവ് എന്ന ഹാഷ്ടാഗോടെയാണ് കങ്കണയുടെ ട്വീറ്റ്.
കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോർപ്പറേഷൻ( ബി.എം.സി.) പൊളിക്കൽ നടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഘാർ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തിൽ അനുമതിയില്ലാതെ നിരവധി മാറ്റങ്ങൾ വരുത്തിയെന്ന് നോട്ടീസിൽ കോർപ്പറേഷൻ ആരോപിക്കുന്നത്. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിർമിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേർക്കലുകൾ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താൻ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പൊളിച്ചുനീക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചിരുന്നു.
അതേസമയം, അനധികൃതമായല്ല കെട്ടിടം നിർമിച്ചതെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 30 വരെ പൊളിക്കൽ നടപടിക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോർപ്പറേഷൻ നടപടി സ്റ്റേ ചെയ്തത്.
Content Highlights :Kangana Ranaut says she wont renovate her demolished office will work from the ruins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..