ബോളിവുഡ് വ്യവസായത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്ന് കങ്കണ പറയുന്നു. തലൈവി ട്രെയ്‌ലര്‍ റിലീസായതിന് തൊട്ടുപിന്നാലെ അക്ഷയ് കുമാര്‍ തന്നെ രഹസ്യമായി വിളിച്ചെന്നും കങ്കണ വെളിപ്പെടുത്തുന്നു. 

ബോളിവുഡില്‍ പരസ്പര വൈരാഗ്യം പുലര്‍ത്തുന്നവരാണ്. എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍- കങ്കണ കുറിച്ചു.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 23 ന് ചിത്രം പുറത്തിറങ്ങും. കങ്കണയ്ക്ക് പുറമേ അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ഭാഗ്യശ്രീ, സമുദ്രക്കനി, ഷംന കാസിം, മധുബാല, രാജ് അര്‍ജുന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

Content Highlights: Kangana Ranaut says she's got secret calls from Akshay Kumar, Praising Thalaivi