കഴിഞ്ഞ വർഷം മുതൽ ജോലി ഇല്ലാത്തതിനാൽ നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. തന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതി അടയ്ക്കുന്ന ആളാണ് താനെന്നും ഏറ്റവുമധികം നികുതി അടയ്ക്കുന്ന ബോളിവുഡ് നടിയാണ് താനെന്നും കങ്കണ പറയുന്നു. ജോലി ഇല്ലാത്തതിനാൽ പോയ വർഷത്തെ നികുതിയുടെ പകുതി ഇനിയും അടയ്ക്കാനായിട്ടില്ലെന്നും ഇത് ജീവിതത്തിൽ ആദ്യമായാണെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

"വരുമാനത്തിന്റെ 45 ശതമാനവും നികുതി നൽകുന്നയാളാണ് ഞാൻ. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് നടിയാണ് ഞാൻ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ജോലിയൊന്നുമില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടക്കാനായത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ.

ഞാൻ നികുതി അടയ്ക്കാൻ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സർക്കാർ പലിശ ഈടാക്കുന്നുണ്ട്, എന്നിട്ടും ഞാൻ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവർക്കും നഷ്ടങ്ങൾ നേരിടുന്ന കാലഘട്ടമാണിത്, ഒന്നിച്ച് നിന്നാൽ ഈ സമയത്തേക്കാൾ കരുത്തരാണ് നമ്മൾ.." കങ്കണയുടെ കുറിപ്പിൽ പറയുന്നു.

കോവിഡ് കാലത്ത് ഏറെ വിവാദപരമായ പ്രസ്താവനകൾ നടത്തി വാർത്തകളിൽ നിറഞ്ഞ താരമാണ് കങ്കണ. കോവിഡ് വെറും ജലദോഷ പനിയാണെന്ന നടിയുടെ പ്രസ്താവ വിവാദമായിരുന്നു. എന്നാൽ രോ​ഗമുക്തയായ ശേഷം തന്റെ ആ പ്രസ്താവന തെറ്റാണെന്നും കോവിഡിനെ നിസാരമായി കാണരുതെന്നും തനിക്ക് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ രോ​ഗമുക്തയായ ശേഷവും നേരിടേണ്ടി വന്നെന്നും വ്യക്തമാക്കി കങ്കണ രം​ഗത്ത് വന്നിരുന്നു.

തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് കങ്കണയുടെ പുതിയ ചിത്രം. കോവിഡ് സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്.

content highlights : Kangana Ranaut says she has been unable to pay half amount of last years tax due to no work