കങ്കണ റണാവത്ത്, സൽമാൻ ഖാൻ | PHOTO: FACEBOOK/KANGANA RANAUT, SALMAN KHAN
ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെയുണ്ടായ വധഭീഷണിയില്‍ പ്രതികരിച്ച നടി കങ്കണ റണാവത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ തന്റെ സുരക്ഷയെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ.
'ഞങ്ങള്‍ അഭിനേതാക്കളാണ്. സല്‍മാന്‍ ഖാന് കേന്ദ്രം സുരക്ഷയൊരുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും അദ്ദേഹത്തിന് സംരക്ഷണം ലഭിക്കുന്നുണ്ട്, അതുകൊണ്ട് ഒന്നും പേടിക്കാനില്ല. എനിക്ക് നേരെ ഭീഷണി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ എനിക്കും സുരക്ഷയൊരുക്കിയിരുന്നു. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്, അതെക്കുറിച്ച് ആശങ്ക വേണ്ട', കങ്കണ പറഞ്ഞു.
വധഭീഷണിയുള്ള സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ചയാണ് തന്റെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങളും അനുഭവങ്ങളും സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയത്.
ഇപ്പോള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനും സാധിക്കുന്നില്ലെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ട്രാഫിക്കിലായിരിക്കുമ്പോള്‍ തനിക്കൊരുക്കുന്ന സുരക്ഷ
മറ്റ് ആളുകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും താരം പറഞ്ഞു. തനിക്കെതിരെ ഗുരുതരമായ ഭീഷണിയുണ്ടെന്നും അതിനാലാണ് സുരക്ഷയൊരുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ദുബായിലാണ് താരമിപ്പോഴുള്ളത്.
'പൂര്‍ണ്ണ സുരക്ഷയോടെയാണ് ഞാന്‍ എല്ലായിടത്തും പോകുന്നത്. ഞാന്‍ ഇവിടെയായിരിക്കുമ്പോള്‍ ഇതൊന്നും ആവശ്യമില്ല, പൂര്‍ണ്ണമായും സുരക്ഷിതനാണ്. ഇന്ത്യക്കകത്ത് ചെറിയ പ്രശ്നമുണ്ട്. എന്ത് ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിക്കുമെന്ന് എനിക്കറിയാം. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു', സല്‍മാന്‍ ഖാന്‍ പറഞ്ഞു.
അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘവുമാണ് സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി മുഴക്കിയിരിക്കുന്നത്. 1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയാണ് ലോറന്‍സ് ബിഷ്ണോയി പ്രകടിപ്പിക്കുന്നത്. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. വന്യമൃഗത്തെ വേട്ടയാടിയതിന് 2018-ല്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
പല തവണ ലോറന്‍സ് ബിഷ്ണോയി സല്‍മാന്‍ ഖാന് നേരെ ഭീഷണിയുമായി എത്തിയിട്ടുണ്ട്. കൃഷ്ണമൃഗത്തെ കൊന്നകേസില്‍ സല്‍മാന്‍ ഖാന്റെ വിധി കോടതിയല്ല, താന്‍ വിധിക്കുമെന്ന് ലോറന്‍സ് പറഞ്ഞിരുന്നു. താനും തന്റെ സമുദായവും സല്‍മാനോട് ക്ഷമിക്കില്ലെന്നും സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനും പൊതുമധ്യത്തില്‍ മാപ്പ് പറഞ്ഞാല്‍ ചിലപ്പോള്‍ തീരുമാനം മാറ്റുന്നത് പരിഗണിച്ചേക്കുമെന്നും ലോറന്‍സ് പറഞ്ഞിരുന്നു.
Content Highlights: Kangana Ranaut reacts to Salman Khan’s death threats says Country in safe hands
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..