നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി കങ്കണ. മിന്നുന്നതെല്ലാം പൊന്നല്ലെന്നും സിനിമാ മേഖലയെ താൻ അഴുക്കുചാൽ എന്ന് വിളിക്കുന്നത് ഈ കാരണങ്ങളാലാണെന്നും കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.

"സിനിമ മേഖലയെ ഞാൻ അഴുക്കുചാൽ എന്ന് വിളിക്കുന്നത് ഇതിനാലാണ്, മിന്നുന്നതെല്ലാം പൊന്നല്ല. ഞാന്‍ നിര്‍മിക്കുന്ന ടിക്കു വെഡ്സ് ഷേരു ചിത്രത്തിലൂടെ ബുള്ളിവുഡിനെ അതിന്റെ അടിത്തട്ടിൽ നിന്നു തന്നെ പുറത്തുകൊണ്ടുവരും. ഇവിടെ നമുക്ക് വ്യക്തമായ മൂല്യവ്യസ്ഥയും മനസാക്ഷിയും വേണം, ഒരു ശുദ്ധീകരണം തീർച്ചയായും ആവശ്യമാണ്".കങ്കണ കുറിക്കുന്നു

അതേസമയം ജൂലൈ 23 വരെ കുന്ദ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. 

കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.  നീലച്ചിത്രങ്ങളില്‍ നിര്‍മാണ രംഗത്ത് നിന്ന് രാജ് കുന്ദ്ര സമ്പാദിച്ചത് കോടികളാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. രാജ് കുന്ദ്രയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.ഈ വര്‍ഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകള്‍ക്കെതിരെയുള്ള പരാതിയില്‍ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്. 

കേസുമായി ബന്ധപ്പെട്ട് പോലീസ് കുന്ദ്രയെ വിളിപ്പിച്ചിരുന്നു. ആരോപണവിധേയനായ വ്യക്തിയുടെ വെബ് സീരീസുകളുമായി തനിക്ക് ബന്ധമില്ലെന്നും മേല്‍പ്പറഞ്ഞ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയില്‍ നിന്ന് താന്‍ പുറത്ത് കടന്നുവെന്നും കുന്ദ്ര പോലീസിന് മൊഴിനല്‍കി. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം അന്ന് സമര്‍പ്പിച്ചിരുന്നു.

content highlights : Kangana Ranaut reacts to Raj Kundras arrest says All that glitter is not gold