പൗരത്വ ഭേദഗതി ബില്ലിനെതിരേ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധനം നടത്തിയ  വിദ്യാര്‍ഥികളെ നടി ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ഒരു വിഭാഗം ആളുകള്‍ ദീപികയ്ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ താരം വേഷമിട്ട ഛപാക് എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി മറുവിഭാഗം രംഗത്തെത്തി. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി  വന്നിരിക്കുകയാണ് കങ്കണ റണാവത്ത്.. ദീപികയുടെ  നടപടിയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ദീപിക അവരുടെ ജനാധിപത്യ അവകാശമാണ് വിനിയോഗിച്ചതെന്നും പറഞ്ഞ കങ്കണ പ്രതിഷേധം നടത്തുന്ന തുക്‌ഡെ തുക്‌ഡെ സംഘത്തെ സന്ദര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

കങ്കണയുടെ വാക്കുകള്‍

'ദീപിക അവരുടെ  ജനാധിപത്യാവകാശമാണ് വിനിയോഗിച്ചത്. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് വളരെ നന്നായി അറിയാം.  അവര്‍ ചെയ്തതിനെക്കുറിച്ച് എനിക്കൊരു അഭിപ്രായം ഉണ്ടാകാന്‍ പാടില്ല. അവര്‍ അതല്ല ഇതാണ് ചെയ്യേണ്ടിയിരുന്നത് എന്ന് ഞാന്‍ പറയുന്നത് ശരിയല്ല. ഞാനെന്ത് ചെയ്യുമായിരുന്നു എന്നുള്ളതാണ് എനിക്ക് പറയാന്‍ സാധിക്കുക. 

പ്രതിഷേധം നടത്തുന്ന തുക്‌ഡെ സംഘത്തെ ഞാന്‍ ഒരിക്കലും സന്ദര്‍ശിക്കില്ല, അവര്‍ക്കൊപ്പം നില്‍ക്കുകയുമില്ല.  രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ഞാന്‍ അനുകൂലിക്കില്ല. ഒരു സൈനികന്‍ മരിച്ചാല്‍ അത് ആഘോഷമാക്കുന്ന ആരെയും ശാക്തീകരിക്കാന്‍ ഞാന്‍ തയാറല്ല. അത്തരക്കാര്‍ക്കൊപ്പം ഞാന്‍ നില്‍ക്കില്ല. എന്റെ പ്രവര്‍ത്തികളെ കുറിച്ചു മാത്രമേ എനിക്കു സംസാരിക്കാനാകൂ. അല്ലാതെ ദീപിക ചെയ്തതില്‍ അഭിപ്രായം പറയാന്‍ എനിക്കു കഴിയില്ല.'- കങ്കണ പറഞ്ഞു. 

അതേസമയം ദീപിക നായികയായെത്തിയ ഛപാകിനെ താരം പ്രശംസിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഒരു സിനിമയെ പൂര്‍ണമായും തകര്‍ക്കാനൊന്നും സാധിക്കില്ലെന്നും നല്ല സിനിമകള്‍ ജനം അംഗീകരിക്കുമെന്നും ഛപാക് മികച്ച ചിത്രമാണെന്നും കങ്കണ റണൗട്ട് പറഞ്ഞു.

Kangana Ranaut : Kangana Ranaut reacts to Deepika Padukone’s JNU visit