കങ്കണ റണാവത്, ജയ ബച്ചൻ | Photo: Sujit JaiswalAFP, Swapan MahapatraPTI
ബോളിവുഡ് സിനിമ മേഖല ലഹരി മരുന്നിന് അടിപ്പെട്ടുവെന്ന ബിജെപി എംപിയും നടനുമായ രവി കിഷൻറെ പാർലമെന്റിലെ പ്രസ്താവനയ്ക്കെതിരേ സമാജ്വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ രംഗത്ത് വന്നത് വാർത്തയായിരുന്നു.
ചില ആളുകളുടെ പേരിൽ സിനിമാ വ്യവസായത്തെ അടച്ചാക്ഷേപിക്കാൻ നിങ്ങൾക്ക് കഴിയില്ല. സിനിമ വ്യവസായത്തെ കുറിച്ച് നമ്മുടെ തന്നെ അംഗങ്ങളിലൊരാൾ ലോക്സഭയിൽ ഇന്നലെ നടത്തിയ പ്രസ്താവന എന്നെ ശരിക്കും ലജ്ജിപ്പിച്ചു. അതേ ശരിക്കും അത് ലജ്ജാകരം തന്നെയാണ്. ജയ രാജ്യസഭയിൽ പറഞ്ഞു.
ബോളിവുഡ് ഇൻഡസ്ട്രി ഇപ്പോൾ അഴുക്കുചാൽ ആണെന്നും 99 ശതമാനം പേരും ലഹരിമരുന്നിന് അടിമകളാണെന്നുമുള്ള നടി കങ്കണ റണാവതിന്റെ പ്രസ്താവനയ്ക്കും ജയ മറുപടി നൽകിയിരുന്നു. സിനിമയിലൂടെ പേരെടുത്തവർ തന്നെ ആ മേഖലയെ അഴുക്കുചാലെന്ന് വിശേഷിപ്പിക്കുന്നു. ഞാനതിനോട് പൂർണമായും വിയോജിക്കുന്നു. ആളുകളോട് അത്തരം ഭാഷ ഉപയോഗിക്കരുതെന്ന് സർക്കാർ തന്നെ പറയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു എന്നായിരുന്നു ജയയുടെ നിലപാട്.
ഇപ്പോൾ ജയയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ. സ്വന്തം കുടുംബത്തിലെ ആർക്കെങ്കിലും ഇതുപോലെ അപകടം സംഭവിച്ചാൽ ഇതാകുമോ താങ്കളുടെ നിലപാട് എന്ന് കങ്കണ ട്വീറ്റ് ചെയ്യുന്നു
‘ജയാ ജി,എന്റെ സ്ഥാനത്ത് നിങ്ങളുടെ മകൾ ശ്വേതയായിരുന്നുവെങ്കിൽ അവരെ ചെറുപ്പത്തിൽ തന്നെ അടിച്ചവശയാക്കി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചിരുന്നുവെങ്കിൽ ഇതേ നിലപാട് തന്നെയായിരിക്കുമോ താങ്കൾക്ക്. അല്ലെങ്കിൽ തന്നെ പരിഹസിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതി പറഞ്ഞ്, അഭിഷേക് ബച്ചൻ ഒരുദിവസം തൂങ്ങി മരിച്ചാൽ എന്താകും നിങ്ങൾ പറയുക. ഞങ്ങൾക്കുവേണ്ടിയും കുറച്ച് കരുണ കാണിക്കൂ.’–കങ്കണ ട്വീറ്റ് ചെയ്തു.
Content highlights : Kangana Ranaut questions Jaya Bachan On her Remarks in Rajyasabha Bollywood drugs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..