ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറച്ചിലുകളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യ ടുഡെയുടെ കോക്ലേവിലായിരുന്നു കങ്കണയുടെ തുറന്നുപറച്ചില്‍. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍  ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍  മക്കളെ മാതാപിതാക്കള്‍  പ്രോത്സാഹിപ്പിക്കണമെന്നും മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് അറിഞ്ഞാല്‍  മാതാപിതാക്കള്‍  സന്തോഷിക്കണമെന്നുമാണ് കങ്കകണ പറഞ്ഞത്. തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് തന്റെ മാതാപിതാക്കള്‍ക്ക് അറിയാമെന്നും താരം വെളിപ്പെടുത്തി.

"ലൈംഗികത എല്ലാവരുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്ക് അത് വേണമെന്ന് തോന്നുമ്പോള്‍ അത് നിർവഹിക്കുക. എന്നാല്‍, ഒരിക്കലും അതിന് അടിമപ്പെടരുത്. കുട്ടികള്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണം. അവര്‍ ഉത്തരവാദിത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടട്ടെ. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം." കങ്കണ പറഞ്ഞു.

തന്റെ പ്രണയത്തെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചും കങ്കണ തുറന്നു പറഞ്ഞു. തനിക്ക് ആദ്യം പ്രണയം തോന്നിയത് തന്റെ അധ്യാപകനോടായിരുന്നുവെന്നും ഒട്ടുമിക്ക ആളുകളുടെയും ആദ്യ ക്രഷ് അധ്യാപകരാവാനാണ് സാധ്യതയെന്നും കങ്കണ പറഞ്ഞു.

"പതിനെട്ടാം വയസില്‍ ചണ്ഡീഗഡില്‍ താമസിക്കുമ്പോൾ കൂട്ടുകാരിക്കൊപ്പം അവളുടെ കാമുകനെ കാണാന്‍ പോയി. ഒരു പഞ്ചാബി സുന്ദരനായിരുന്നു കാമുകന്‍. അയാളുമായി പ്രണയത്തിലായെങ്കിലും അത് തുടങ്ങിയ പോലെ തന്നെ അവസാനിച്ചു. ആദ്യം ചുംബിക്കാന്‍ പോലും അറിയില്ലായിരുന്നു. ആദ്യചുംബനം മാന്ത്രികമായിരുന്നു എന്നാണ് എല്ലാവരും പറയുക. എന്നെ സംബന്ധിച്ച് അത് വൃത്തിക്കേടായിരുന്നു.."കങ്കണ പറഞ്ഞു.

Content Highlights : Kangana Ranaut On Sex And Love Kangana Bollywood Actress Movies