തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയുടെയും സമന്തയുടെയും വിവാഹമോചന വാർത്തയിൽ പരോക്ഷ പ്രതികരണവുമായി  ബോളിവുഡ് നടി കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസമാണ് താരദമ്പതിമാർ  വിവാഹമോചിതരാകുന്നുവെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം അറിയിച്ചത്. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് ഇരുവരും പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്ത്രീകളെ ആവശ്യാനുസരണം ഉപയോ​ഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുതെന്നാണ് ഇതിനോട് പ്രതികരിച്ച് കങ്കണ കുറിച്ചത്.

"വിവാഹ മോചനം നടക്കുമ്പോൾ എല്ലായ്പ്പോഴും തെറ്റ് പുരുഷന്റെ ഭാ​ഗത്താണ്. ഞാൻ പഴഞ്ചൻ ചിന്താ​ഗതിക്കാരിയും മുൻവിധിയുള്ളവളുമാണെന്ന് തോന്നിയേക്കാം, പക്ഷെ ഇങ്ങനെയാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷൻ ഒരു വേട്ടക്കാരനാണ്, സ്ത്രീ ഒരു പരിപാലകയും. നൂറിലൊരു സ്ത്രീ നേരത്തെ ആ പട്ടികയിൽ പെടുന്നില്ലായിരിക്കാം. സ്ത്രീകളെ ആവശ്യാനുസരണം ഉപയോ​ഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്. ഇത്തരക്കാർക്ക് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ ലജ്ജിക്കുന്നു.അവർ പുരുഷന്മാരെ പ്രകീർത്തിക്കുകയും സ്ത്രീകളെ വിധിക്കുകയും ചെയ്യുന്നു.  വിവാഹ മോചന സംസ്കാരം മുമ്പൊരിക്കലുമില്ലാത്ത വിധം ഉയരുകയാണ്. 

പത്തുവർഷത്തോളമായി പ്രണയിച്ച, അവരുമായി നാലു വർഷത്തോളമായി വിവാഹബന്ധത്തിലിരുന്ന ഈ തെന്നിന്ത്യൻ നടൻ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു. ബോളിവുഡിലെ ഒരു 'ഡിവോഴ്സ് എക്സ്പേർട്ട്' ആയാണ് ഇയാൾ അറിയപ്പെടുന്നത്.  നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ഇയാൾ ഇപ്പോൾ ആ നടന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാൽ എല്ലാം പെട്ടന്ന് നടന്നു. ഞാന്‌‍‍ സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവർക്കുമറിയാം". കങ്കണ കുറിച്ചു.

Kangana

കങ്കണയുടെ പരോക്ഷ വിമർശനം ബോളിവുഡ് നടൻ ആമിർഖാന് എതിരേയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ആമിർ നായകനായെത്തുന്ന ലാൽ സിങ്ങ് ചദ്ദയിൽ നാ​ഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ആമിർ അടുത്തിടെ രണ്ടാം ഭാര്യയായ കിരൺ റാവുവിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. 15 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ആമിറും കിരണും വേർപിരിഞ്ഞത്.

content highlights : Kangana Ranaut on Samantha Akkineni Naga Chaitanya divorce targeting Aamir Khan