
കങ്കണ, സുശാന്ത് സിംഗ് രജ്പുത്, കരൺ ജോഹർ, ആദിത്യ ചോപ്ര, മുഹേഷ് ഭട്ട്
ബോളിവുഡ് യുവനടൻ സുശാന്ത് സിങ് രാജ്പുതിൻറെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി നടി കങ്കണ റണാവത്. റിപ്പബ്ലിക് ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കങ്കണ ബോളിവുഡിലെ മാഫിയകൾക്കെതിരേ തുറന്നടിച്ചത്. സുശാന്ത് സിങ് എന്ന നടനെ എല്ലാവരും ചേർന്ന് ആത്മഹത്യയിലേക്ക് നയിച്ചു. ഇതൊരു ആത്മഹത്യയല്ല, കൊലപാതകമാണ്. ഒരാളെ മരണംവരെ കൊണ്ടെത്തിക്കുന്നതിനെ കൊലപാതകം എന്ന് തന്നെയാണ് വിളിക്കേണ്ടത്- കങ്കണ പറഞ്ഞു.
നിർമാതാക്കളായ കരൺ ജോഹർ, ആദിത്യ ചോപ്ര, സംവിധായകൻ മഹേഷ് ഭട്ട് എന്നിവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചത്. ''സ്വജനപക്ഷപാതം എന്ന് പറഞ്ഞാൽ പ്രിയപ്പെട്ടവർക്ക് അവസരം നൽകുക എന്നത് മാത്രമല്ല അർഥം. പ്രിയപ്പെട്ടവർക്ക് വേണ്ടി മറ്റുള്ളവരുടെ അവസരം കൂടി ഇല്ലാതാക്കുക, അവരെ നശിപ്പിക്കുക, ഇതാണ് വർഷങ്ങളായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ''- കങ്കണ പറയുന്നു.
''രാമലീല, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി സഞ്ജയ് ലീല ബൻസാലി ആദ്യം സമീപിച്ചത് സുശാന്ത് സിങ് രജ്പുതിനെയായിരുന്നു. അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ ജോലികൾ പുരോഗമിക്കവെ നിർമാതാവ് ആദിത്യ ചോപ്ര ഇടപെടലുകൾ നടത്തി. സുശാന്തിനെ മാറ്റി രൺവീർ സിംഗിനെ നായകനാക്കി. ഇത് സഞ്ജയ് ലീല ബൻസാലി പോലീസിന് നൽകിയ മൊഴിയാണ്. ഞാൻ പറയുന്ന കാര്യമല്ല. യഷ് രാജ് ഫിലിംസിന്റെ സിനിമകളിൽ അഭിനയിക്കരുതെന്ന് സുശാന്ത് പറഞ്ഞതായി കാമുകി റിയ ചക്രബർത്തി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എന്താണ് ഇതിന്റെ അർഥം? സൽമാൻ ഖാൻ നായകനായ സുൽത്താൻ എന്ന സിനിമയ്ക്ക് വേണ്ടി യഷ് രാജ് ഫിലിംസ് എന്നെ സമീപിച്ചിരുന്നു. ഖാൻമാരോടൊപ്പം അഭിനയിക്കാൻ തൽപര്യമില്ലെന്ന് ഞാൻ തീർത്ത് പറഞ്ഞു. ഇത് വലിയ ചർച്ചയായപ്പോൾ എനിക്ക് ആദിത്യാ ചോപ്രയുടെ സന്ദേശം ലഭിച്ചു. എന്റെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറയാൻ എങ്ങിനെ ധെെര്യം വന്നു, ഇതോട് കൂടി നിന്റെ കരിയർ തീർത്തുവെന്നാണ് എന്നോട് പറഞ്ഞത്.
സുശാന്ത് നായകനായ ഡ്രെെവ് എന്ന ചിത്രം വിതരണക്കാർ എടുക്കുന്നില്ലെന്നാണ് കരൺ ജോഹർ പറഞ്ഞത്. കരണിനെ പോലൊരു നിർമാതാവിന് വിതരണക്കാരെ കിട്ടുന്നില്ലെന്ന് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? കരണിന്റെ മോശം സിനിമകളെല്ലാം എത്ര നന്നായാണ് അയാൾ വിൽക്കുന്നത്. എന്നോടൊരിക്കൽ അഭിനയം നിർത്തി ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ പോയി പഠിക്കണം എന്ന് കരൺ പറഞ്ഞു. പരിഹാസമായിരുന്നു അയാൾ ഉദ്ദേശിച്ചത്. എന്നോട് അഭിനയം നിർത്തണമെന്ന് പറയാൻ കരൺ ആരാണ്.
അതുപോലെ മഹേഷ് ഭട്ട് സുശാന്തിന് കൗൺസിലിങ് കൊടുക്കാൻ ചെല്ലാറുണ്ടെന്ന് റിയ പറയുന്നു. ആരാണ് ഈ മഹേഷ് ഭട്ട്? അയാൾ ആരാണ് അങ്ങിനെ ചെയ്യാൻ. സുശാന്തിനെ വളരെ ദുർബലനായ വ്യക്തിയായി ചിത്രീകരിച്ചു. അതവർക്ക് ആവശ്യമായിരുന്നു. ആലിയ ഭട്ട് പങ്കെടുത്ത കോഫി വിത്ത് കരൺ ഷോയിൽ സുശാന്തിന് നേരിടേണ്ടി വന്ന അപമാനം. ചിച്ചോരെ എന്ന ചിത്രം മികച്ചതായിരുന്നു. എന്നാൽ പുരസ്കാരം മുഴുവൻ ശരാശരി ചിത്രമായ ഗലി ബോയിക്ക്. സുശാന്തിനെ ബലാത്സംഗ വീരനും (സുശാന്തിനെതിരേ ഉയർന്ന മീ ടൂ ആരോപണം, പേര് വെളിപ്പെടുത്താത്ത ഒരു യുവതി ഉയർത്തിയ ആരോപണമായിരുന്നു അത്) മയക്കുമരുന്നിന് അടിമയാക്കിയും ഇവരുടെ വൃത്തങ്ങളിലുള്ള മാധ്യമങ്ങൾ ചിത്രീകരിച്ചു.
ഞാനും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയതാണ്. ഞാൻ ഭാവിയിൽ സിനിമയിലുണ്ടാകില്ലെന്നും കരിയർ ഉടനെ തീരുമെന്നും അവർ പറഞ്ഞു നടന്നു. എന്നെ ഭാന്ത്രിയായി ചിത്രീകരിച്ചു. എനിക്കും ആത്മഹത്യ ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല. ഇവരോടെല്ലാം യുദ്ധം ചെയ്താണ് ഞാൻ സിനിമയിൽ അഭിനയിച്ചതും. ഒടുവിൽ സംവിധാനം ചെയ്തതും. സഞ്ജയ് ലീല ബൻസാലിയെ മാത്രമാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബെെ പോലീസ് ചോദ്യം ചെയ്തത്. കരൺ ജോഹർ മഹേഷ് ഭട്ട്, ആദിത്യാ ചോപ്ര ( ആദിത്യ ചോപ്രയെ നാല് മണിക്കൂർ ചോദ്യം ചെയ്തിരുന്നു) എന്നിവരെ ചെയ്തില്ല. അവരെ പോലീസ് തൊടില്ല''.
സുശാന്തിന്റെ മരണവുമായി സംബന്ധിച്ച കേസിൽ മൊഴി നൽകാൻ കങ്കണയെ മുംബൈ പൊലീസ് വിളിച്ചിരുന്നു. പക്ഷേ മണാലിയിൽ ആയതിനാൽ മൊഴിയെടുക്കാൻ ആരെയെങ്കിലും അയയ്ക്കാമോയെന്ന് തിരക്കിയിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തി.
''എന്നാൽ അതിന് ശേഷം അവരിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ല. പറയുന്ന കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ എനിക്ക് ലഭിച്ച പദ്മശ്രീ ഞാൻ തിരികെ നൽകും.ഞാനത് അർഹിക്കുന്നില്ല. വിവാദ പ്രസ്താവനകൾ നടത്തി റെക്കോർഡുകൾ സൃഷ്ടിക്കാൻ താൽപര്യമുള്ള വ്യക്തിയല്ല ഞാൻ, തനിക്ക് പറയാനുള്ള കാര്യങ്ങൾ പൊതുവേദിയിലാണ് ഞാൻ പറഞ്ഞിട്ടുളളത്''
ബോളിവുഡ് താരങ്ങളായ താപ്സി പന്നു, സ്വര ഭാസ്കർ എന്നിവരെയും കങ്കണ വിമർശിച്ചു.
''സിനിമയ്ക്ക് പുറത്തു നിന്ന് വന്ന എന്നാൽ ഇപ്പോൾ അതിനകത്തു നിൽക്കുന്ന സ്വാർഥരായ താപ്സി പന്നുവും സ്വര ഭാസ്കറും പറഞ്ഞേക്കാം അവർ ബോളിവുഡിനെ സ്നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങൾ ബോളിവുഡിനെ സ്നേഹിക്കുന്നുവെങ്കിൽ, കരൺ ജോഹറിനെ സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് ആലിയയെയും അനന്യയെയും പോലെ നിങ്ങൾക്കും സിനിമകൾ കിട്ടുന്നില്ല, അവർ ഇവിടെ നിലനിൽക്കുന്നത് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്. എന്റെ ഈ തുറന്നു പറച്ചിലുകൾക്ക് ശേഷം എന്നെ ഭ്രാന്തിയായി ചിത്രീകരിക്കുന്ന ലേഖനങ്ങൾ വരും എനിക്കറിയാം''- കങ്കണ പറയുന്നു.
ജൂൺ 14നാണ് സുശാന്ത് സിങ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദ ഗോരമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനങ്ങൾ.
Content Highlights: Kangana Ranaut On Nation Wants To Know Republic TV, Sushant singh Rajput death, shocking allegation against Karan johar, Mahesh Bhatt, Adithya Chopra, YashRaj Films
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..