93-ാമത് ഓസ്കർ അവാർഡിന് ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ മാഫിയയ്ക്കെതിരേ വിമർശനവുമായാണ് കങ്കണയുടെ ട്വീറ്റ്.

സിനിമാ മാഫിയയ്ക്കെതിരേ താൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഫലം കണ്ടു തുടങ്ങിയെന്നും ഇന്ത്യൻ സിനിമയെന്നാൽ വെറും നാലു കുടുംബങ്ങളല്ലെന്നും കങ്കണ ട്വീറ്റ് ചെയ്യുന്നു.

"ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരേ നടത്തിയ വിമർശനങ്ങളും വിചാരണകളും ഒടുവിൽ ഫലം നൽകിയിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളിൽ ഒളിച്ചിരിക്കുന്നതിനാൽ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ ടീം ജല്ലിക്കെട്ട്!"  കങ്കണയുടെ ട്വീറ്റിൽ പറയുന്നു.

എന്നാൽ കങ്കണയുടെ അഭിപ്രായ പ്രകടനത്തിനെതിരേ വിമർശനങ്ങളും ശക്തമാണ്. 

അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കട്ടിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്കർ എൻ‌ട്രി ലഭിച്ചു.

2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാരച്ചടങ്ങ് നടക്കുക. ​

Content highlights : Kangana Ranaut on Lijo Jose Pellissery's Jallikattu Movie India’s official entry at Oscars