കങ്കണ, അജയ് ദേവ്ഗൺ, കിച്ചാ സുദീപ്
മുംബൈ: ഹിന്ദി രാഷ്ട്രഭാഷയാണോ അല്ലയോ എന്ന വിവാദം സജീവമായിരിക്കേ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണാവത്ത്. രാഷ്ട്രഭാഷ ഹിന്ദിയോ ദക്ഷിണേന്ത്യന്‍ ഭാഷയോ അല്ലെന്നും അതിനുള്ള അര്‍ഹത സംസ്കൃതത്തിനാണെന്നും കങ്കണ പറഞ്ഞു. ഏറ്റവും പ്രാചീനമായ ഭാഷ സംസ്കൃതമാണെന്നും അതുകൊണ്ടാണ് താനിത് അഭിപ്രായപ്പെടുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ഹിന്ദിയെ ചൊല്ലി നടന്മാരായ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ഇരുവരുടെയും അഭിപ്രായങ്ങള്‍ തെറ്റല്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. എല്ലാ ഭാഷകളിലും സംസ്കാരത്തിലും നാം അഭിമാനിക്കേണ്ടതുണ്ട്. എല്ലാത്തിനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ പൊതുവായ എന്തെങ്കിലുമൊക്കെ വേണം. ഇതുകൊണ്ടായിരിക്കണം ഭരണഘടനയുണ്ടാക്കിയപ്പോള്‍ ഹിന്ദി രാഷ്ട്രഭാഷയായത്.
"തമിഴിന് ഹിന്ദിയേക്കാള്‍ പഴക്കമുണ്ട്. സംസ്കൃതത്തിന് അതിനേക്കാളേറെ പഴക്കമുണ്ട്. അതിനാല്‍ സംസ്കൃതം ദേശീയ ഭാഷയാക്കേണ്ടതാണ്. എന്റെ അഭിപ്രായത്തില്‍ തമിഴ്, കന്നട, സംസ്കൃതം, ഗുജറാത്തിയെല്ലാം സംസ്കൃതത്തില്‍ നിന്നാണുണ്ടായത്. എന്തുകൊണ്ടാണ് സംസ്കൃതത്തെ രാഷ്ട്രഭാഷ ആക്കാതിരുന്നത് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല. നിങ്ങള്‍ ഹിന്ദിയെ നിരസിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭരണഘടനയെ തള്ളിപ്പറയുന്ന പോലെയാണ്. അജയ് ദേവ്ഗണ് പറഞ്ഞതില്‍ തെറ്റില്ല. ഹിന്ദിയാണ് നമ്മുടെ രാഷ്ട്രഭാഷ. എന്നാല്‍ സുദീപിന്റെ വൈകാരികതയും ഞാന്‍ ഉള്‍ക്കൊള്ളുന്നു. അദ്ദേഹം പറഞ്ഞതിനെയും തെറ്റു പറയാനാകില്ല. കന്നടയ്ക്കും തമിഴിനും ഹിന്ദിയേക്കാള്‍ പഴക്കമുണ്ടെങ്കില്‍ എങ്ങിനെ അവരെ തെറ്റു പറയാനാകും.
ഈ തെന്നിന്ത്യന്‍- വടക്കേ ഇന്ത്യന്‍ സംവാദം ദൗര്‍ഭാഗ്യകരമാണ്- കങ്കണ പറഞ്ഞു.
ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു. ഈ തര്‍ക്കത്തില്‍ ഒട്ടനവധി പേര് അഭിപ്രായവുമായി രംഗത്തെത്തി. കര്‍ണാടക മുന്‍മുഖ്യമന്ത്രി കുമാരസ്വാമി കിച്ചാ സുദീപ് പറഞ്ഞതില്‍ തെറ്റില്ലെന്നും നൂറ് ശതമാനം ശരിയാണെന്നും ട്വീറ്റ് ചെയ്തു. അജയ് ദേവ്ഗണിന്റേത് പരിഹാസ്യമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കന്മാരായ ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരും ഈ അഭിപ്രായത്തോട് യോജിച്ചു.
കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ് മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി നേരില്‍ക്കാണുമ്പോള്‍ നല്‍കാമെന്നും ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയര്‍ത്തിവിടാനോ അല്ലായിരുന്നു താന്‍ ശ്രമിച്ചതെന്നും സുദീപയും പറഞ്ഞു.
Content Highlights: Kangana Ranaut on Hindi Language Row, Ajay Devgn, kicha Sudeep, Sanskrit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..