കങ്കണ റണാവത്ത്, ജാവേദ് അക്തർ
മുംബൈ: മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ നടി കങ്കണ റണാവത്ത് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ കോടതിയില്‍ പരാതി നല്കി. ജാവേദ് അക്തര്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കങ്കണ കോടതിയില്‍ പരാതി നല്‍കിയത്. കൂടാതെ അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും നടി കോടതിയെ അറിയിച്ചു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കങ്കണയുടെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
ജാവേദ് അക്തര്‍ കങ്കണയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും കങ്കണ ആത്മഹത്യ ചെയ്യുമെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും കങ്കണയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖ് കോടതിയെ ധരിപ്പിച്ചു. മൗനം പാലിക്കാമെന്ന് ആദ്യം കരുതിയെങ്കിലും ഇപ്പോള്‍ പരാതി നല്‍കുകയാണെന്നും അഭിഭാഷകന് അറിയിച്ചു. സുശാന്തിന്റെ മരണവിഷയത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന ജാവേദ് അക്തര്‍ തന്റെ കക്ഷിയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നും റിസ്വാന് സിദ്ദിഖ് കോടതിയില്‍ ആരാഞ്ഞു.
ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ സുശാന്ത് രാജ്പുത്തിന്റെ മരണവുമായ ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചുവെന്നും അത് ന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ജാവേദ് അക്തര്‍ ഈ വര്‍ഷമാദ്യം അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ കങ്കണ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാവേദ് അക്തറിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ ഹര്‍ജി.
കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന കങ്കണക്കെതിരെ നേരത്തെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരായ കങ്കണയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പിന്നീടുള്ള വിചാരണവേളകളിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് കോടതിയില്‍ ഹാജരാകാതെ വിട്ടു നിന്ന കങ്കണയ്ക്ക് സെപ്റ്റംബര്‍ പതിനഞ്ചിന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 20 ന് കോടതിയില്‍ ഹാജരാകാത്ത പക്ഷം കങ്കണയ്ക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. തുടര്‍ന്നാണ് കങ്കണ തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്.
ContKangana Ranaut, Javed Akhtar Face-To-Face In Court In Defamation Case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..