കങ്കണ | ഫോട്ടോ: www.facebook.com/KanganaRanaut/photos
ബോളിവുഡ് സിനിമാ പ്രേക്ഷകരേയും സോഷ്യൽ മീഡിയാ ഉപയോക്താക്കളേയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി നടി കങ്കണ റണാവത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ബോളിവുഡ് താരമായ ഒരു കാസനോവ തന്നെ വിടാതെ രഹസ്യമായി പിന്തുടരുന്നുവെന്നും നടിയായ ഭാര്യയുടെ പിന്തുണയോടെയാണ് ആ നടൻ ഇതെല്ലാം ചെയ്യുന്നതെന്നുമാണ് കങ്കണ കുറിച്ചത്. എന്നാൽ ഈ താരദമ്പതികളുടെ പേര് കങ്കണ വെളിപ്പെടുത്തിയിട്ടില്ല.
എവിടെ പോയാലും തന്നെ ഒരാൾ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നു എന്നാണ് കങ്കണ പറയുന്നത്. റോഡിൽ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങൾ പകർത്തുകയാണെന്നും കങ്കണ പറഞ്ഞു. തന്റെ ഷെഡ്യൂളുകൾ എങ്ങനെയാണ് ഈ ചാരന്മാർക്ക് ലഭിക്കുന്നതെന്നും രഹസ്യമായി പകർത്തുന്ന ഈ ചിത്രങ്ങൾ കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്നും കങ്കണ ചോദിച്ചു. സിനിമാ മേഖലയിൽ നിന്നുള്ള ഒരു കാസനോവയാണ് ഇതിന് പിന്നിലെന്ന് തോന്നുന്നതെന്നും കങ്കണ ചൂണ്ടിക്കാട്ടി.
ഈ നടന്റെയും ഭാര്യയുടേയും വീട് അലങ്കരിച്ചതുപോലും തന്റെ വീടിന് സമാനമായാണെന്ന് കങ്കണ പറഞ്ഞു. “എന്റെ വാട്‌സാപ്പ് ഡാറ്റയും പ്രൊഫഷണൽ ഡീലുകളോ വ്യക്തിഗത ജീവിത വിവരങ്ങളോ പോലും ചോർത്തപ്പെടുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വാതിൽക്കൽ വന്നുനിന്നയാളാണ് ഇയാൾ. അയാളൊരു കാസനോവയാണ്. ഇപ്പോൾ ബോളിവുഡിലെ സ്വജന പക്ഷപാത മാഫിയ ബ്രിഗേഡിന്റെ വൈസ് പ്രസിഡന്റുമാണ്. ഭാര്യയെ നിർമ്മാതാവാകാനും കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും എന്നെപ്പോലെ വസ്ത്രം ധരിക്കാനും എന്നെപ്പോലെ വീടിന്റെ ഇന്റീരിയർ സജ്ജീകരിക്കാനും നിർബന്ധിച്ചു. അവർ എന്റെ സ്റ്റൈലിസ്റ്റിനെയും എന്തിനേറെ ഹോം സ്റ്റൈലിസ്റ്റുകളേപ്പോലും കൂലിക്കെടുത്തു. വർഷങ്ങളോളം എനിക്കൊപ്പമുണ്ടായിരുന്ന ഹോം സ്റ്റൈലിസ്റ്റുകൾ പിന്നീട് എന്നോടൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചു,” കങ്കണ എഴുതി.

"ഭർത്താവായ നടന്റെ ഇത്തരം പ്രവൃത്തികൾ ഭാര്യ അംഗീകരിച്ചുകൊടുക്കുകയാണ്. വിവാഹത്തിന് അവർ ധരിച്ച സാരി താൻ സഹോദരന്റെ വിവാഹ റിസപ്ഷന് ധരിച്ചതുപോലെയുള്ളതായിരുന്നുവെന്നും കങ്കണ ചൂണ്ടിക്കാട്ടി. അടുത്തിടെ ഒരു ഫിലിം കോസ്റ്റ്യൂം ഡിസൈനർ സുഹൃത്ത്, (ഏറ്റവും നല്ല സുഹൃത്ത്) ഒരു ദശാബ്ദത്തിലേറെയായി എനിക്കറിയാം, അവൻ ഇപ്പോൾ ഈ ദമ്പതിമാര്‍ക്കൊപ്പമാണ്
ജോലി ചെയ്യുന്നത്. ഒരു കാരണവുമില്ലാതെ എന്റെ ഫൈനാൻഷ്യർമാരോ ബിസിനസ്സ് പങ്കാളികളോ ഡീലുകൾ അവസാന നിമിഷം നിർത്തുകയാണ്. എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിലാക്കാനും അയാൾ ശ്രമിക്കുന്നു", കങ്കണ ആരോപിക്കുന്നു.
ആ നടനും ഭാര്യയും ഒരേ കെട്ടിടത്തിലെ വെവ്വേറെ ഫ്ളാറ്റുകളിലാണ് താമസിക്കുന്നത്. ഇതുപോലെ വേണ്ടെന്ന് അവൾ പറയണമെന്നും അവനെ നിരീക്ഷിക്കണമെന്നുമാണ് താൻ നിർദ്ദേശിക്കുന്നത്. അയാൾക്ക് എങ്ങനെയാണ് ഈ ഡാറ്റയെല്ലാം ലഭിക്കുന്നതെന്നും അയാൾ എന്തിലാണ് മുഴുകുന്നതെന്നും ശ്രദ്ധിക്കണം. കാരണം അയാൾ കുഴപ്പത്തിലായാൽ അവളും കുഞ്ഞും കുഴപ്പത്തിലാകും. അവൾ അവളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഭർത്താവ് നിയമവിരുദ്ധമായ ഒന്നിലും ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. പ്രിയപ്പെട്ട പെൺകുട്ടിയോടും നിങ്ങളുടെ നവജാതശിശുവിനോടും ഒരുപാട് സ്നേഹം എന്നുപറഞ്ഞുകൊണ്ടാണ് കങ്കണയുടെ കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ കങ്കണയുടെ പോസ്റ്റിൽ പറഞ്ഞ താരദമ്പതികൾ ആരെന്ന അന്വേഷണത്തിലായി സോഷ്യൽ മീഡിയ. രൺബീർ കപൂറും ആലിയ ഭട്ടും ആണിതെന്നാണ് പുറത്തുവരുന്ന സൂചന. ഇരുവർക്കുമെതിരെ കങ്കണ മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനകളും ചേർത്തുവായിച്ചാണ് അവർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ആലിയ ഗർഭിണിയായപ്പോൾ ഇത് പി.ആർ. ജോലിയാണെന്നാണ് കങ്കണ പരിഹസിച്ചത്.
Content Highlights: kangana ranaut insta story about star couple, kangana on casanova and his wife are spying on her
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..