ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിച്ച് നടി കങ്കണ റണാവത്ത്. മോദിയുടെ വിജയത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ കങ്കണ ഇനിയങ്ങോട്ട് മുന്നോട്ട് പോകാന്‍ ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നമ്മള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നും പറഞ്ഞു.

കങ്കണയുടെ കുറിപ്പ് വായിക്കാം

സുശക്തമായ ആശയങ്ങളുടേയും വീക്ഷണങ്ങളുടെയും ദൃഢതയാര്‍ന്ന മാനുഷിക ഉത്കര്‍ഷേച്ഛയുടെയും പ്രതിരൂപമാണ് മോദിജി. മഹത്ത്വത്തിന്റെ വരാനിരിക്കുന്ന സാധ്യതകളുമായി ചേര്‍ന്നു പോവാന്‍ തലയെടുപ്പുള്ള ഒരു രാഷ്ട്രത്തിനേ കഴിയൂ. എവിടെയാണോ നമ്മളിന്ന് അവിടെനിന്ന് ശ്രേഷ്ഠമായ നാളെയിലേക്ക് സ്വപ്നം കാണാന്‍ ധീരരാവണം. മോദിജിയോടൊപ്പം ഒരു രാഷ്ട്രമെന്ന നിലയ്ക്ക് അതിനായി നമ്മള്‍ തയ്യാറെടുത്തു കഴിഞ്ഞു. അതിനെക്കാള്‍ അമൂല്യമായി മറ്റൊന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഇപ്പോള്‍ ഭൂമിക്കും മുകളിലാണ്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കങ്കണ രംഗത്ത് വന്നിരുന്നു. ഇന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോലെ തോന്നുന്നവെന്നും ഇത്രയും കാലം നമ്മള്‍ മുഗള്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാറുകള്‍ക്ക് കീഴിലായിരുന്നുവെന്നാണ് കങ്കണ പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിലിരിക്കുന്ന രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് നേരെയായിരുന്നു കങ്കണയുടെ ഒളിയമ്പുകള്‍. 

തുടര്‍ന്ന് കങ്കണയുടെ പ്രസ്താവനക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ ഭരിച്ചത് ബിജെപിയാണെന്ന് അറിയില്ലേ എന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ചോദ്യം.

Content Highlights: kangana ranaut congratulates narendra modi, bjp for lok sabha election 2019 victory