ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ കങ്കണ റണാവത്ത്. ആര്യന് ഒരു തുറന്ന കത്തെഴുതി നടന്‍ ഹൃത്വിക് റോഷന്‍ രംഗത്ത് വന്നതിന്റെ തൊട്ടുപിന്നാലെയാണ് കങ്കണയുടെ പ്രതികരണം.

''എല്ലാ മാഫിയ പപ്പുമാരും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്.നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു''- കങ്കണ കുറിച്ചു.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനുമാണ് ഹൃത്വിക് കത്തില്‍ പറയുന്നത്.  തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള തന്റെ കത്ത് എഴുതിയിരിക്കുന്നത്.

ഹൃത്വിക്കിന്റെ കത്തില്‍ നിന്ന് 

എന്റെ പ്രിയപ്പെട്ട ആര്യന്, 

ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിനെ മികച്ചതാക്കുന്നത്. അത് നിങ്ങള്‍ക്കെതിരേ കഠിനമായ പന്തുകള്‍ എറിയും, പക്ഷേ ദൈവം ദയ ഉള്ളവനാണ്. കരുത്തനായവനെതിരെയേ ദൈവം കളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകള്‍ എറിയുകയുള്ളൂ. 
ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കുണ്ടാവും, നീ തിരഞ്ഞെടുക്കപ്പെട്ടവനാണ്... അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു. 

ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത... ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകളാണിവ. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകള്‍ നമ്മളിലെ ദയ, അനുകമ്പ, സ്‌നേഹം എന്നീ നന്മകളെയും വറ്റിച്ചുകളയാം.

സ്വയം എരിയാന്‍ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകള്‍, പരാജങ്ങള്‍, വിജയങ്ങള്‍... എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും അനുഭവത്തില്‍ നിന്നും മനസിലാക്കിയാല്‍ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും. പക്ഷേ വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. 

ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു  പുരുഷനായപ്പോഴും എനിക്ക് നിന്നെ അറിയാം. എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കൃത്യസമയത്ത് കുത്തുകള്‍ പൂരിപ്പിക്കുമ്പോള്‍ നിനക്ക് അര്‍ഥം മനസിലാവും.. അത് ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു.

Content Highlights: Kangana Ranaut comments on Aryan Khan case minutes after Hrithik Roshan writes a letter