ഭിനയത്തില്‍ മാത്രമല്ല, വാക്‌പ്പോരിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല കങ്കണ റണാവത്ത്. ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കാന്‍ ഒട്ടും മടിക്കാറില്ല മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ നേടിയിട്ടുള്ള കങ്കണ.

നേരത്തെ നടന്‍ ഹൃത്വിക് റോഷനുമായിട്ടായിരുന്നു പോരെങ്കിലും ഇപ്പോള്‍ സംവിധായകന്‍ കരണ്‍ ജോഹറുമായാണ് കങ്കണയുടെ ഏറ്റുമുട്ടല്‍. ഇരയായി നടിച്ച് സഹതാപം പിടിച്ചുപറ്റുന്നത് നിര്‍ണമെന്ന കരണിന്റെ അഭിപ്രായത്തിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് കങ്കണ.

എനിക്ക്  ഇക്കാണുന്നതൊന്നും എളുപ്പത്തില്‍ കരഗതമായ കാര്യങ്ങളല്ല. ജീവിതത്തില്‍ ഇപ്പോള്‍ കൈവന്നിട്ടുള്ള ഓരോ ചെറിയ കാര്യത്തിനും കഠിനമായി തെന്ന പോരാടേണ്ടിവന്നിട്ടുണ്ട് എനിക്ക്-പുതിയ ചിത്രമായ സിമ്രാന്റെ ട്രെയിലര്‍ പ്രകാശനം ചെയ്യുന്ന ഒരു ചടങ്ങില്‍ കങ്കണ പറഞ്ഞു.

സിമ്രാന്റെ ട്രെയിലർ കാണാം

 മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ബോളിവുഡിലേയ്ക്കുള്ള എന്റെ യാത്ര. അല്ലെങ്കില്‍ അങ്ങിനയാണെന്നാണ് എന്റെ തോന്നല്‍. ജീവിതത്തിലെ ഏതൊരു ചെറിയ കാര്യത്തിനും എനിക്ക് പോരാടേണ്ടിവന്നിട്ടുണ്ട്. പൊരുതിയശേഷം മാത്രമേ എനിക്ക് എന്തും കിട്ടിയിട്ടുള്ളൂ. എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, അതെന്റെ വിധിയാവും. എന്നാല്‍, ഞാന്‍ ഇപ്പോള്‍ ഇതില്‍ സമാധാനം കണ്ടെത്തുന്നുണ്ട്. അതെന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതിലൊന്നും എനിക്ക് ഒരു പരാതിയുമില്ല. പലര്‍ക്കും വേണമോ വേണ്ടയോ എന്നൊരു അസ്ഥിത്വപരമായ ആശങ്ക ഉണ്ടാകാം. വിമത എന്നൊരു പദം നിങ്ങള്‍ ഉപയോഗിച്ചേക്കാം. അതൊന്നും എന്നെ അലട്ടുന്നില്ല. എനിക്ക് അവകാശപ്പെട്ടത് ഞാന്‍ സ്വന്തമാക്കും. അത് പോരാടിയിട്ടായാലും മറ്റെന്തെങ്കിലും വഴിക്കായാലും ശരി-കങ്കണ പറഞ്ഞു. വന്‍ ഹര്‍ഷാരവത്തോടെയാണ് കങ്കണയുടെ വാക്കുകളെ സദസ്സ് സ്വീകരിച്ചത്.

കങ്കണ എപ്പോഴും ഇങ്ങിനെയാണ്. ഹൃത്വിക്ക് റോഷനായാലും മുന്‍ കാമുകന്‍ സുമനായാലും പുതിയ ചിത്രം സിമ്രാന്റെ തിരക്കഥാകൃത്ത് അപൂര്‍വ അസ്രാനിയായാലും ശരിക്കും കങ്കണയെ ഏകപക്ഷീയമായി ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സിമ്രാന്റെ ഡയലോഗിന്റെ ക്രെഡിറ്റ് അസ്രാനിക്ക് മാത്രമായിരുന്നു കൊടുത്തിരുന്നത്. മറ്റുള്ളവരെപ്പോലെ മിണ്ടാതിരിക്കാന്‍ ഒരുക്കമായിരുന്നില്ല കങ്കണ. അസ്രാനി എഴുതിയ സംഭാഷണങ്ങള്‍ക്ക് നിലവാരമുണ്ടായിരുന്നില്ലെന്നും താന്‍ അത് മാറ്റിയെഴുതുകയാണുണ്ടായതെന്നും അതുകൊണ്ട് തന്നെ അതിന്റെ ക്രെഡിറ്റ് തനിക്ക് ലഭിക്കണമെന്നും കങ്കണ ശഠിച്ചു. ഒടുവില്‍ വിജയം കങ്കണയ്ക്കു തന്നെയായിരുന്നു.