ലഖ്‌നൗ: ബോളിവുഡ്​ നടി കങ്കണ റണാവത്തിനെ ബ്രാൻഡ്​ അംബാസഡറായി നിയമിച്ച്​ യു.പി സർക്കാർ. ഒരു ജില്ല ഒരു ഉൽപന്നം എന്ന പരിപാടിയുടെ അംബാസഡറായാണ്​ കങ്കണയെ നിയമിച്ചത്​. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത്​ കൂടിക്കാഴ്ച നടത്തിയതിന്​ പിന്നാലെയാണ്​ പ്രഖ്യാപനം. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 

75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ്​ പുതിയ പദ്ധതി യുപി സർക്കാർ അവതരിപ്പിച്ചത്​.

കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ രാം മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് ഉപയോ​ഗിച്ച വെള്ളി നാണയം മുഖ്യമന്തി കങ്കണയ്ക്ക് സമ്മാനിച്ചു. കങ്കണയെ അയോധ്യയിലേക്ക് ക്ഷണിക്കുകയും ശ്രീരാമന്റെ അനുഗ്രഹം തേടാൻ നിർദേശിക്കുകയും ചെയ്തു. 

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വീഡിയോയും കങ്കണ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. "ബഹുമാനപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജിയുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ അതിയായ സന്തോഷം തോന്നുന്നു. ഊർജ്ജസ്വലനായ, ആത്മാർത്ഥയുള്ള, വ്യക്തിപരമായി പ്രചോദനം നൽകുന്നയാളുമാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയനുമായ നേതാക്കളിൽ ഒരാളുമായി സംവദിക്കാനായത് അം​ഗീകാരമായി കാണുന്നു". കങ്കണ കുറിച്ചു. 

രാമനെപ്പോലെ തപസ്വിയായ രാജാവാണ് ഉത്തർപ്രദേശ് ഇപ്പോൾ ഭരിക്കുന്നതെന്നും ആ ഭരണം തുടരട്ടേയെന്നും കങ്കണയുടെ കുറിപ്പിൽ പറയുന്നു.

content highlights :  Kangana Ranaut becomes UP governmenrs ODOP ambassador Praises Yogi Adityanath