കങ്കണ റണാവത്ത് നായികയായെത്തുന്ന ബോളിവുഡ് ചിത്രം ധാക്കഡിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 8ന് ചിത്രം പ്രദർശനത്തിനെത്തും.  റസ്‍നീഷ് റാസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ കങ്കണയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായാണ് കങ്കണയെത്തുന്നത്. അർജുൻ റാംപാലും ദിവ്യ ദത്തയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മധ്യപ്രദേശിലും ബുഡാപെസ്റ്റിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഈ വർഷം ഒക്ടോബറിലാണ് നേരത്തെ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടു പോയതോടെ റിലീസും മാറ്റിവയ്ക്കുകയായിരുന്നു. 

ധാക്കഡ് തന്റെ കരിയറിന് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ വഴിത്തിരിവ് ആകുമെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ കങ്കണ പറഞ്ഞിരുന്നത്. റിതേഷ് ഷാ ആണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിയാണ് കങ്കണയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. 

തേജസ്, സീത, മണികർണിക റിട്ടേൺസ്, എമർജൻസി തുടങ്ങിയ ചിത്രങ്ങളും കങ്കണയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

content highlights : Kangana Ranaut announces Dhaakad release date