കങ്കണ, ബ്രഹ്മാസ്ത്രയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/kanganaranaut/, www.facebook.com/aliabhatt/photos
അയാൻ മുഖർജിയുടെ സംവിധാനത്തിൽ രൺബീർ കപൂർ-ആലിയ ഭട്ട് കൂട്ടുകെട്ടിൽ വന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഈയവസരത്തിൽ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. സംവിധായകൻ 600 കോടിരൂപ ചാരമാക്കിയെന്നാണ് കങ്കണ പറഞ്ഞത്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ബ്രഹ്മാസ്ത്രയ്ക്കെതിരെ സംസാരിച്ചത്. നിർമാതാവ് കരൺ ജോഹറിനെയാണ് അവർ ആദ്യം കടന്നാക്രമിച്ചത്. സ്വഭാവത്തിന്റെ കാര്യത്തിൽ കരൺ ജോഹറിനേപ്പോലെയുള്ളവരെ ആദ്യം ചോദ്യം ചെയ്യണം. അദ്ദേഹത്തിന് തിരക്കഥയേക്കാൾ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തേക്കുറിച്ചറിയാനാണ് താത്പര്യം. വ്യാജ കളക്ഷൻ കണക്കുകളുണ്ടാക്കുകയും സിനിമയുടെ പ്രചാരണത്തിനെ ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.

നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവർ വേറെയെന്തും ചെയ്യും. യാചിക്കാൻ പോകുന്നതിന് പകരം അവർ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നും കങ്കണ ചോദിച്ചു.
സംവിധായകൻ അയാൻ മുഖർജിയേയും കങ്കണ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അയാൻ മുഖർജിയെ ജീനിയസ് എന്നുവിളിക്കുന്നവരെയെല്ലാം എത്രയും പെട്ടന്ന് ജയിലിലടക്കണമെന്ന് അവർ പറഞ്ഞു. 12 വർഷമാണ് ഈ സിനിമ പൂർത്തിയാക്കാൻ അയാൻ എടുത്തത്. 400 ദിവസമെടുത്തു ചിത്രീകരിക്കാൻ. ഇതിനിടയിൽ 14 ഛായാഗ്രാഹകരെ മാറി പരീക്ഷിച്ചു. എന്നിട്ട് 600 കോടി ചാരമാക്കി. മതവികാരം മുതലെടുക്കാൻ 'ജലാലുദ്ദീൻ റൂമി' എന്നതിൽ നിന്നും 'ശിവ' എന്നതിലേക്ക് അവസാന നിമിഷം പേര് മാറ്റി. ബാഹുബലിയുടെ വിജയമാണ് ഇതിന് കാരണം. ഇത്തരം അവസരവാദികളെ, സർഗ്ഗാത്മക ദാരിദ്രം പിടിച്ചവരെ, വിജയം തലക്കുപിടിച്ച സ്വാർത്ഥരായ മനുഷ്യരെ പ്രതിഭയെന്ന് വിളിച്ചാൽ അത് പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കുന്നതിന് തുല്യമാണ്.

നമ്മുടെ സിനിമകളുമായി സമീപിക്കാൻ ഇന്നീ രാജ്യത്ത് ഒരൊറ്റ അന്താരാഷ്ട്ര സ്റ്റുഡിയോയും നിലവിലില്ല. സിനിമാ മാഫിയാ സംഘം ഈ വ്യവസ്ഥിതി മുഴുവനായും കൈയ്യടക്കി എല്ലാം തരിപ്പണമാക്കിയെന്നും അവർ പറഞ്ഞു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോ ഈ സിനിമയ്ക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയെന്നും ഇനിയും എത്ര സ്റ്റുഡിയോകൾ ഈ കോമാളികൾ കാരണം പൂട്ടുമെന്നും ഫിലിം അനലിസ്റ്റ് സുമിത് കേഡലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ ചോദിച്ചു. എന്നാൽ ഈ ട്വീറ്റ് വ്യാജമാണെന്ന് വ്യക്തമാക്കി സുമിത് രംഗത്തെത്തിയിട്ടുണ്ട്.

എമർജൻസിയാണ് കങ്കണയുടേതായി വരാനിരിക്കുന്ന ചിത്രം. നടി തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദിരാഗാന്ധിയായാണ് കങ്കണ എമർജൻസിയിലെത്തുന്നത്.
Content Highlights: Kangana Against Brahmastra, Kangana against Karan Johar, Ranbir Kapoor and Alia Bhatt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..