കങ്കണ റണാവത്ത് | ഫോട്ടോ: പി.ടി.ഐ
മുംബൈ: തന്റെ പിന്നാലെ ബോളിവുഡിലെ ഒരു നടനുണ്ടെന്നും ഇദ്ദേഹവും നടിയായ ഭാര്യയും ചേർന്ന് തന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയാണെന്നും രണ്ടുദിവസം മുമ്പാണ് നടി കങ്കണ റണാവത്ത് പറഞ്ഞത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞ ഇക്കാര്യത്തിന് ഒരു തുടർച്ചയുണ്ടായിരിക്കുകയാണ്. ആരോപണവിധേയരായ താരദമ്പതികൾക്കെതിരെ ഭീഷണിയുമായി കങ്കണ രംഗത്തെത്തിയിരിക്കുകയാണ്.
നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്നാണ് കങ്കണയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി. തന്നെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്നവർ അറിയാൻ എന്നുപറഞ്ഞുകൊണ്ടാണ് തിങ്കളാഴ്ച പോസ്റ്റ് ചെയ്ത സ്റ്റോറി ആരംഭിക്കുന്നത്. കഴിഞ്ഞദിവസം മുതൽ സംശയകരമായ ഒന്നും തന്നെ ചുറ്റി നടക്കുന്നില്ലെന്ന് കങ്കണ എഴുതി. ക്യാമറയുമായോ അല്ലാതെയോ ആരും പിന്തുടരുന്നുമില്ലെന്നും അവർ പറഞ്ഞു.
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവരോടുമായി ഒരു കാര്യം. നന്നായില്ലെങ്കിൽ നിങ്ങളെയെല്ലാം ഞാൻ വീട്ടിൽ കയറി തല്ലും. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ ഞാൻ നിങ്ങൾ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസിലാക്കിക്കോളൂ. കങ്കണ കൂട്ടിച്ചേർത്തു.
ബോളിവുഡ് താരമായ ഒരു സ്ത്രീലമ്പടൻ തന്നെ വിടാതെ രഹസ്യമായി പിന്തുടരുന്നുവെന്നും നടിയായ ഭാര്യയുടെ പിന്തുണയോടെയാണ് ആ നടൻ ഇതെല്ലാം ചെയ്യുന്നതെന്നുമാണ് കങ്കണരണ്ടുദിവസം മുമ്പത്തെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതിയത്. എന്നാൽ ഈ താരദമ്പതികളുടെ പേര് കങ്കണ വെളിപ്പെടുത്തിയിരുന്നില്ല. റോഡിൽ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങൾ പകർത്തുകയാണെന്നും അവർ പറഞ്ഞിരുന്നു.
പോസ്റ്റ് വൈറലായതോടെ കങ്കണയുടെ പോസ്റ്റിൽ പറഞ്ഞ താരദമ്പതികൾ ആരെന്ന അന്വേഷണത്തിലായി സോഷ്യൽ മീഡിയ. രൺബീർ കപൂറും ആലിയ ഭട്ടും ആണിതെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തൽ. ഇരുവർക്കുമെതിരെ കങ്കണ മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനകളും ചേർത്തുവായിച്ചാണ് അവർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ആലിയ ഗർഭിണിയായപ്പോൾ ഇത് പി.ആർ. ജോലിയാണെന്നാണ് കങ്കണ പരിഹസിച്ചത്.
Content Highlights: Kangana Ranaut again threatens Bollywood couple, Ranbir and Alia, Kangana Insta Story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..