കങ്കണ, ചന്ദ്രമുഖിയിൽ ജ്യോതിക | ഫോട്ടോ: www.facebook.com/KanganaRanaut, സ്ക്രീൻഗ്രാബ്
ചന്ദ്രമുഖി എന്ന ചിത്രത്തിലെ ജ്യോതികയുടെ പ്രകടനത്തെ അഭിനന്ദിച്ച് നടി കങ്കണാ റണാവത്ത്. തന്നെയാണ് ബോളിവുഡ് നടിമാരിൽ ഏറെ ഇഷ്ടം എന്ന് ജ്യോതിക പറയുന്ന പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ടാണ് കങ്കണയുടെ പ്രശംസ. പി. വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 ആണ് കങ്കണ നായികയായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം.
ബിഹൈൻഡ് വുഡ്സ് തമിഴ് ചാനലിന് 2019-ൽ നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് കങ്കണ കഴിഞ്ഞദിവസം പങ്കുവെച്ചത്. ജ്യോതികയുടെ വാക്കുകൾ പ്രോത്സാഹനമേകുന്നതാണെന്ന് കങ്കണ ട്വീറ്റിൽ പറഞ്ഞു. എല്ലാ ദിവസവുമെന്നോണം ചന്ദ്രമുഖിയിലെ ജ്യോതികയുടെ പ്രകടനം കാണാറുണ്ട്. ചന്ദ്രമുഖി 2-ന്റെ ക്ലൈമാക്സ് ഷൂട്ടിലാണിപ്പോഴെന്നതാണ് അതിന് കാരണം. ആദ്യഭാഗത്തിൽ എത്ര ആശ്ചര്യജനകമാണ് അവരുടെ പ്രകടനം. ആ ബ്രില്ല്യൻസിനൊപ്പം എത്താൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും കങ്കണ കുറിച്ചു.
മലയാളത്തിലെ സൂപ്പർഹിറ്റ് ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായിരുന്നു ചന്ദ്രമുഖി. രജനീകാന്ത്, നയൻതാര, പ്രഭു, വടിവേലു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി 2. പി. വാസു തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസാണ് നായകവേഷത്തിൽ. വടിവേലുവാണ് മറ്റൊരു പ്രധാനകഥാപാത്രം. എം.എം. കീരവാണിയാണ് സംഗീത സംവിധാനം. കല നൃത്തസംവിധാനം നിർവഹിക്കുന്നു.
നിലവിൽ എമർജൻസി എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിൽക്കൂടിയാണ് കങ്കണ. പ്രധാനകഥാപാത്രമായ ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നതും കങ്കണയാണ്. രുദ്രൻ, അധികാരം, ജിഗർതണ്ട: ഡബിൾ എക്സ് എന്നിവയാണ് ലോറൻസ് നായകനായി വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: kangana praising jyotika for her performance in chandramukhi, chandramukhi 2 climax
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..