ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയിട്ടുള്ള വാക്പോരുകൾ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. ഇരുവരുടെയും ട്വീറ്റുകളും മറ്റ് ഏറ്റുപിടിച്ച് ആരാധകർ തമ്മിലും വാക്പോരുകൾ ട്വിറ്ററിലും മറ്റും സജീവമായിരുന്നു.

എന്നാൽ ഇപ്പോൾ കങ്കണയുടെ അഭിനയ മികവിന് നന്ദി പറയുന്ന താപ്സിയുടെയും താപ്സിയുടെ പുരസ്കാര നേട്ടത്തിന് നന്ദി പറയുന്ന കങ്കണയുടെയും പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. 

അടുത്തിടെ നടന്ന ഫിലിം ഫെയർ പുരസ്കാര നിശയിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് താപ്സി മറ്റ് നോമിനികൾക്ക് നന്ദി പറഞ്ഞത്. താപ്പഡ് എന്ന ചിത്രത്തിലെ പ്രകടനമാണ് താപ്സിയെ പുരസ്കാരത്തിന് അർഹയാക്കിയത്. 

കങ്കണ റണാവത്ത് ( പങ്ക), ദീപിക പദുക്കോൺ (ചപക്), ജാൻവി കപൂർ(​ഗുഞ്ജൻ സക്സേന), വിദ്യ ബാലൻ (ശകുന്തളാ ദേവി) എന്നിവരായിരുന്നു മറ്റ് നോമിനികൾ. തന്റെ പ്രകടനം കൊണ്ട് അതിരുകൾ ഭേദിക്കുന്നതിന് കങ്കണയോട് നന്ദി പറയുന്ന വീഡിയോ ആണ് പുരസ്കാര നിശ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രചരിച്ചത്. ഈ വീഡിയോ ശ്രദ്ധയിൽ പെട്ട കങ്കണ ട്വിറ്ററിലൂടെ താപ്സിക്ക് നന്ദി പറയുകയായിരുന്നു.

"നന്ദി താപ്സി പന്നു, ഫിലിം ഫെയർ പുരസ്കാരം നീ അർഹിക്കുന്നതാണ്, നിന്നേക്കാൾ മീതെ മറ്റാരും അത് അർഹിക്കുന്നില്ല" എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. 

Content Highlights : Kangana And Tapsee Pannu Praises Each other for acting skills, Filmfare award, Tweet