ഗ്രേസ് ആന്റണി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത കനകം, കാമിനി, കലഹം എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിച്ച ചിത്രം നവംബര്‍ 12-ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രം നേടികൊണ്ടിരിക്കുന്നത്. 

രഞ്ജിത്തിന്റെ വാക്കുകള്‍

ഇളയമകനാണ് അച്ഛന്‍ ഈ സിനിമ എന്നോട് കാണണമെന്ന് പറയുന്നത്. ചില സിനിമകള്‍ ദിവസങ്ങളോളം നമുക്കൊപ്പം സഞ്ചരിക്കും. ഈ സിനിമ കണ്ടപ്പോഴും അതേ അനുഭവമാണ് എനിക്കുണ്ടായത്. നിങ്ങളില്‍ പലരും കണ്ടുവെന്ന് എനിക്കറിയാം. എന്നിരുന്നാലും പറയാതിരിക്കാന്‍ വയ്യ, കാരണം പുതിയ തലമുറയിലെ സംവിധായകരുടെ ആത്മാര്‍ഥവും വ്യത്യസ്തവുമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലി. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിഗംഭീരം. നിവിനും രതീഷിനും എല്ലാവര്‍ക്കും എന്റെ അനുമോദനങ്ങളും ആശംസകളും- രഞ്ജിത്ത് പറഞ്ഞു.

Content Highlights: Kanakam Kaamini Kalaham Movie, Director Ranjith Praises film, Nivin Pauly, Grace Antony, Ratheesh Balakrishna Poduval