മഹേഷ് നാരായണന് വേണ്ടി തിരക്കഥ എഴുതാന്‍ തയ്യാറെടുക്കുകയാണെന്ന് കമല്‍ഹാസന്‍. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിക്രം എന്ന തമിഴ് ചിത്രത്തിത്തിന്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അതിന് ശേഷം ഇന്ത്യന്‍ 2 വിന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമേയാണ് മഹേഷ് നാരായണനോടൊപ്പമുള്ള വര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

1992 ല്‍ പുറത്തിറങ്ങിയ തേവര്‍മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായിട്ടാണ് ഇവര്‍ ഒന്നിക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേഷന്‍, കമല്‍ഹാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മഹേഷ് നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് വിക്രം. കമല്‍ഹാസനോടൊപ്പം തന്നെ പ്രധാന കഥാപാത്രങ്ങളായി വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും എത്തുന്നു. 

നല്ല അഭിനേതാക്കളുടെ കൂടെ അഭിനയിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു. പഞ്ചതന്ത്രം എല്ലാം നല്ല അനുഭവമാണ്. നല്ല അഭിനേതാക്കളോടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫര്‍ട്ടബിളാണ്. ഫഹദിന്റെ പിതാവ് ഫാസിലിനൊപ്പം പ്രവര്‍ത്തിച്ചില്ലെങ്കിലും അദ്ദേഹത്തെ നല്ല പരിചയമുണ്ടെന്ന് കമല്‍ഹാസന്‍ പറയുന്നു

മലയാള സിനിമയില്‍ അഭിനയിക്കാത്തതിന്റെ പ്രധാന കാരണം സമയപരിമിതിയാണെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് 15 ദിവസം മാത്രം ഷൂട്ടിങ്ങുണ്ടായിരുന്ന സ്ഥാനത്ത് 60 ദിവസത്തില്‍ അധികം സമയം വേണ്ടിവരുന്നുണ്ട്. സമയവും മികച്ച കഥയും ഒന്നിച്ച് വരികയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. കന്യാകുമാരി പത്തോ പതിനൊന്നോ ദിവസം മാത്രമാണ് ചെയ്തത്. ഇത്തരം ചുരുങ്ങിയ സമയം കണ്ട് ഞാന്‍ തന്നെയാണോ നായകനെന്ന് സേതു സാറിനോട് സംശയത്തോടെ ചോദിച്ചു പോയിരുന്നു. 

മാറ്റത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എനിക്ക് എല്ലാം തന്നത് ജനങ്ങളാണ് ഇനിയുള്ള ജിവിതം അവര്‍ക്ക് വേണ്ടിയാണ്. പാര്‍ട്ടിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനം. രാഷ്ട്രീയത്തില്‍ അവസാന പേജ്  എന്നില്ല. എല്ലാം എളുപ്പമാവില്ലെന്ന് അറിയാം എങ്കിലും ഇത് മറികടക്കാന്‍ തന്നെയാണ് തീരുമാനം. അദ്ദേഹം പറഞ്ഞു.

ഡിംഎംകെയുടെ മതേതര സഖ്യത്തില്‍ ഉണ്ടായിരുന്നില്ല. അവരുടെ മുന്‍കാല ചരിത്രം തന്നെയാണ്  അതിന് കാരണം. ഭാവിയിലും അവരോടൊപ്പം തുടരാന്‍ താത്പര്യമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ താത്പര്യമുണ്ടായിരുന്നു. ഇക്കാര്യം ഡല്‍ഹി വരെ പോയി പറഞ്ഞതാണ്. ഭാവിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിച്ച് പോവാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Content Highlights: Kamal hassan new project with Mahesh Narayanan