പഴയകാല നടി സാവിത്രിയുടെ ജീവിതകഥപഞ്ഞ മഹാനടിയിൽ ജെമിനി ഗണേശനെ മോശമായി ചിത്രീകരിച്ചുവെന്ന് മകള്‍ കമല സെല്‍വരാജ്. സാവിത്രി അബോധാവസ്ഥയിൽ തളർന്നു കിടക്കുമ്പോൾ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് എല്ലാ കടമകളും ചെയ്തത് തന്റെ അമ്മ അലമേലുവാണെന്ന് കമല പറയുന്നു. ജെമിനി ഗണേശന്റെയും അലമേലുവിന്റെയും രണ്ടാമത്തെ മകളാണ് കമല. ചെന്നൈയിലെ പ്രശസ്ത ഗൈനോകോളജിസ്റ്റാണിവർ. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും കഥയില്‍ യഥാര്‍ഥത്തില്‍ നായിക തന്റെ അമ്മയാണെന്നും കമല കൂട്ടിച്ചേര്‍ത്തു. 

നാഗ് അശ്വനാണ് മഹാനടി സംവിധാനം ചെയ്തിരിക്കുന്നത്.  തെലുഗ് സിനിമാതാരം സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് സാവിത്രിയായെത്തിയത്. ദുല്‍ഖര്‍ സല്‍മാനാണ്  ജെമിനി ഗണേശനെ അവതരിപ്പിച്ചത്.

കമലയുടെ വാക്കുകളിൽ നിന്ന്

അമ്മ പെര്‍ഫക്റ്റ് ഹൗസ് വൈഫാണ്. വളരെ സ്ട്രിക്ട് ആണ്. അച്ഛന്‍ സിനിമയില്‍ വന്നതിനു ശേഷമാണ് അമ്മ സ്ട്രിക്ട് ആയത്. ആറുമണിക്ക് ശേഷം പുറത്ത് പോകാന്‍ പാടില്ല, സിനിമാ പുസ്തകങ്ങള്‍ വായിക്കാന്‍ പാടില്ല. സ്‌കൂള്‍, വീട് അങ്ങനെയാണ് വളര്‍ത്തിയത്. തെറ്റ് ചെയ്താല്‍ ചുവരില്‍ നോക്കി നിര്‍ത്തുമായിരുന്നു. ആ സമയത്ത് വീട്ടില്‍ അതിഥികള്‍ ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ക്കത് വളരെ അപമാനമായിരുന്നു. ദേഷ്യവും. അങ്ങനെ ഒരു ദിവസം ദേഷ്യം വന്നു ഞാന്‍ ഇറങ്ങിപ്പോയി. ചേച്ചിയാണ് എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. 

അച്ഛന്‍ സിനിമയില്‍ ഉള്ളതിന്റെ യാതൊരു താരപകിട്ടുമില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്. പണത്തിന്റെയോ പ്രശസ്തിയുടെയോ ഭാരങ്ങളില്‍ പെടാതെ. അച്ഛനെ ടി.വിയില്‍ ആരെങ്കിലും അടിക്കുന്നത് കണ്ടാല്‍ ഇറങ്ങി വരാന്‍ പറയും. ആ ഒരു  അറിവേ ഉള്ളൂ. സ്‌കൂളില്‍ പോകുമ്പോള്‍ ജെമിനി ഗണേശന്റെ മക്കളാണ് എന്നൊക്കെ ആളുകള്‍ പറയും. അത്രയൊക്കെയേ ഉള്ളൂ. 

യാതൊരു തലക്കനവും ഈഗോയും ഇല്ലാത്ത വ്യക്തിയായിരുന്നു അച്ഛന്‍. ഞങ്ങളെയും അങ്ങനെയാണ് വളര്‍ത്തിയത്. 

മഹാനടി സിനിമ എന്നെ കൊണ്ട് കാണിപ്പിക്കുകയായിരുന്നു. എല്ലാ വര്‍ഷവും മക്കളും കൊച്ചുമക്കളുമായി ഞാന്‍ കൊടൈക്കനാലില്‍ പോകാറുണ്ടായിരുന്നു. ഇത്തവണയും അത് മുടക്കാനോ കുട്ടികളെ ഒറ്റയ്ക്ക് വിടാനോ എനിക്ക് മനസ് വന്നില്ല. പക്ഷേ ചിത്രം പുറത്തിറങ്ങിയ ശേഷം പലരും എന്നെ വിളിച്ചു ചോദിച്ചു ഡോക്ടര്‍  സിനിമ കണ്ടില്ലേ ഒരു മാതിരി ഉണ്ട് എന്നെല്ലാം അങ്ങനെ കുറെ ആയപ്പോള്‍ എനിക്ക് വല്ലാത്ത ആകാംക്ഷയായി. 

നമ്മുടെ അച്ഛനമ്മമാരെ കുറിച്ചൊരു ചിത്രം ചെയ്യുമ്പോള്‍ അതില്‍ വലിയ ഗവേഷണം തന്നെ ചെയണം. ഞങ്ങള്‍ തന്നെ അച്ഛനും അമ്മയുമായി ബന്ധമുള്ള എല്ലാ സ്ഥലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും നല്ല രീതിയില്‍ ഗവേഷണം നടത്തിയിരുന്നു. കാരണം ആരും അത് കള്ളമാണെന്ന് പറയരുത് എന്നുണ്ടായിരുന്നു . 

സാവിത്രിയുടെ മകള്‍ പക്ഷേ ഇങ്ങനെയൊരു ചിത്രം ചെയ്യുന്നതിന് മുന്‍പ് ഞങ്ങളോട് പറഞ്ഞിരുന്നു. അന്ന് ഞാന്‍ ഒന്നേ പറഞ്ഞുള്ളൂ  ആര്‍ക്കും ചീത്ത പേര് വരാതെ നോക്കണമെന്ന്. അതല്ലാതെ വേറെ ഒന്നും തന്നെ ഞങ്ങളോട് ചോദിച്ചിട്ടില്ല. പക്ഷെ  അതില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. എന്റെ അച്ഛനെ എല്ലാവര്‍ക്കും അറിയാം. പക്ഷെ സാവിത്രിയെ ഞങ്ങള്‍ക്കറിയാന്‍ വഴിയില്ല. അച്ഛനും അമ്മയും എന്താണോ ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത് അത്രയേ അവരെക്കുറിച്ചു ഞങ്ങള്‍ക്കറിയുള്ളു.

അച്ഛന്‍ കാണാന്‍ സുന്ദരനായിരുന്നു, വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, വളരെ മാന്യമായാണ് പെരുമാറിയിരുന്നത് ഇതുകൊണ്ടൊക്കെ തന്നെ അന്ന് അച്ഛന് ചാക്ക്കണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്. വീട്ടില്‍ വേലക്കാരിയായി എങ്കിലും ജീവിച്ചാല്‍ മതിയെന്ന് വരെ പലരും പറഞ്ഞിട്ടിട്ടുണ്ട്. ഇങ്ങനെ അച്ഛനെ തേടി വീട് വിട്ട് ഓടി വന്നവരെ തിരികെ വീട്ടില്‍ കൊണ്ടുവിടുന്നതും അച്ഛന്റെ ജോലിയായിരുന്നു. അവരോടൊക്കെ അച്ഛന്‍ പറഞ്ഞിരുന്നു പഠിച്ചു വലിയ ആളാകണമെന്ന്. അച്ഛന് എല്ലാ പെണ്‍കുട്ടികളും സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണമെന്നാണ് ആഗ്രഹം. ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ  സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്. 

സിനിമ കണ്ടപ്പോള്‍ എനിക്ക് വളരെ ദുഃഖമാണ് തോന്നിയത്. പണം എല്ലാവര്‍ക്കും വേണം പക്ഷേ പണത്തിനു വേണ്ടി സ്വന്തം അച്ഛനമ്മമ്മാരെ തരം താഴ്ത്താനോ അവരുടെ പേര് കളങ്കപ്പെടുത്തുന്നതോ ശരിയല്ല. അതും തലമുറകള്‍ കാണുന്ന ഒന്നാണത്. കാരണം ഇത് ജീവിച്ചിരുന്നവരുടെ കഥയാണ്. എന്റെ അച്ഛന്‍ അത്രയും മഹാനായ വ്യക്തിയാണ്. അദ്ദേഹത്തെപ്പോലെ വേറെ ആരും ഇന്നേ വരെ ഉണ്ടായിട്ടില്ല, സൗന്ദര്യത്തിലായാലും പഠിപ്പിലായാലും  സ്വഭാവത്തിലായാലും. അങ്ങനെ ഒരാളെക്കുറിച്ച് ചീത്ത വാര്‍ത്തകള്‍ വരുന്നത് എത്ര കഷ്ടമാണ്. വരുന്ന തലമുറയ്ക്ക് മുന്നില്‍ അങ്ങനെയല്ലേ ജെമിനി ഗണേശനെ കാണിച്ചു വച്ചിരിക്കുന്നത്. നിരന്തരം കോളുകള്‍ വന്നിരുന്നു എനിക്ക് സിനിമ പുറത്തിറങ്ങിയ ശേഷം. അവസാനം ഞാന്‍ അവയൊന്നും എടുക്കാതെയായി. അതുകൊണ്ടാണ് അഭിമുഖങ്ങള്‍ വരെ നല്‍കാന്‍ ഞാന്‍ തയ്യാറായത്. 

വിജയയെക്കുറിച്ച് ആദ്യമെല്ലാം ഞാന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത് ഞങ്ങളുടെ ബന്ധത്തില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്നാണ്. പക്ഷേ പിന്നെ പിന്നെ കാര്യങ്ങള്‍ മാറി മറിഞ്ഞു. എന്റെ മുത്തശ്ശിയെ പറ്റി വരെ മോശമായി പറഞ്ഞു. എന്റെ അച്ഛന്റെ അമ്മ എന്ന് പറയുന്നത് ഞങ്ങള്‍ക്കെല്ലാം ജീവിച്ചിരുന്നിരുന്ന ദൈവമായിരുന്നു. ഒരാഗ്രഹവുമില്ലാത്ത, കുറ്റവും കുറവും ഇല്ലാത്ത, ഒരു വ്യക്തി, എന്റെ അമ്മയെ പൊന്നു പോലെയായാണ് അവര്‍ നോക്കിയിരുന്നത്, അവരെ അത്രയും മോശമായി പറഞ്ഞത് ഞങ്ങളെകൊണ്ട് താങ്ങാന്‍ കഴിഞ്ഞില്ല. ദൈവം പോലും പൊറുക്കില്ല. ഇങ്ങനെ ഒരു രീതിയില്‍ സിനിമ എടുത്ത് അതുകൊണ്ടു പണം സമ്പാദിച്ച് ഭക്ഷണം കഴിക്കാമോ? അത് അന്യായമാണ്. 

ഞാന്‍ ഇപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ അവരുടെ ഫോണ്‍ പോലും ഞങ്ങള്‍ ആരും  തന്നെ എടുക്കാറില്ല. ജെമിനി ഗണേശന്റെ കുടുംബക്കാര്‍ അടങ്ങുന്ന വലിയ ഗ്രൂപ്പ് തന്നെയുണ്ടായിരുന്നു. അത് വേണ്ടെന്ന് വയ്ക്കാന്‍ ഞാന്‍ മകനോട് ആവശ്യപ്പെട്ടു. ഇവരോട് കുറച്ചു ജാഗൃതയോടെ പെരുമാറണമെന്നും അധികം അടുക്കന്‍ പോകരുതെന്നും അച്ഛനും അമ്മയും  മുന്‍പേ പറഞ്ഞിരുന്നു. പക്ഷെ എല്ലാവരെയും ഒരുമിച്ചു നിര്‍ത്താന്‍ ആഗ്രഹിച്ചു ഞങ്ങള്‍. എന്നാല്‍ ആ ഒരു പരിഗണനയുടെ ആവശ്യമൊന്നും ഇനിയില്ല.
 
ഞങ്ങളോട് ഒരു വാക്ക് അവര്‍ക്ക് ചോദിക്കാമായിരുന്നു. ഒരു വിവാദവും ഉണ്ടാകാത്ത രീതിയില്‍ ഈ ചിത്രം എടുക്കാമായിരുന്നു . അത് ചെയ്തില്ല എന്റെ അച്ഛന് മാത്രമല്ല അവരുടെ അമ്മയ്ക്ക് വരെ  ഇത്തരം മോശം കമന്റുകള്‍ ഒന്നും വരില്ലായിരുന്നു. സ്വന്തം തലയില്‍ അവര്‍ തന്നെ മണ്ണ് വാരിയിട്ടു അത്രയേ ഇതില്‍ പറയാനുള്ളൂ. 

ഈ സിനിമയില്‍ സ്ത്രീകളുടെ പിറകെ നടക്കുന്ന ആളായാണ് അച്ഛനെ കാണിച്ചത്. എന്റെ അച്ഛന്‍ അങ്ങനെയുള്ള ഒരാളല്ല. സ്ത്രീകള്‍ അദ്ദേഹത്തിന് പുറകെയാണ് വന്നിരുന്നത്. ഇപ്പോള്‍ പോലും എനിക്ക് കോളുകള്‍ വരുന്നുണ്ട്, നിങ്ങളുടെ അച്ഛന്‍ ഒരു പെണ്ണിന്റെയും പുറകെ പോയിരുന്നില്ല എന്നും അത്രയ്ക്കും മഹാനായ ആളായിരുന്നുവെന്നും ഒക്കെ പറഞ്ഞ്. അച്ഛന്റെ പുറകെ വന്നിരുന്ന സ്ത്രീകള്‍ അവിവാഹിതകളായിരുന്നു.  അച്ഛന്‍ ആരുടെയും കുടുംബം തകര്‍ത്തിട്ടില്ല. അച്ഛന്‍ വിവാഹിതനാണെന്ന്  സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്.

Conte