Kamal

തിരുവനന്തപുരം: ഗ്രാമങ്ങളില്‍ സിനിമയെത്തിക്കാനുള്ള മുന്‍കാല പദ്ധതിയായ 'ടൂറിങ് സിനിമ' പുനരാവിഷ്‌കരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന രീതിയില്‍ തന്റെ ആദ്യ ലക്ഷ്യമെന്ന് സംവിധായകന്‍ കമല്‍. ലളിതമായ ക്ലാസിക് സിനിമകള്‍ മലയാളം സബ്‌ടൈറ്റിലോടെ ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുടുംബശ്രീ, ഫിലിം സൊസൈറ്റികള്‍, ഗ്രന്ഥശാലാ സംഘങ്ങള്‍ എന്നിവരുടെ സഹായം തേടുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മുഖാമുഖ'ത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീകളിലേക്ക് ക്ലാസിക് സിനിമകള്‍ എത്തിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കും.

കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഉട്ടോപ്യന്‍ തീരുമാനങ്ങളാണ് സെന്‍സര്‍ ബോര്‍ഡിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു. സെന്‍സര്‍ എന്ന വാക്കുപോലും ആവശ്യമില്ലാത്തതാണ്. സര്‍ട്ടിഫിക്കേഷന് മാത്രം ചുമതലയുള്ള ബോര്‍ഡ് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറയുന്നതിനെ അംഗീകരിക്കില്ല. അതേസമയം 'കഥകളി', 'കസബ' എന്നീ ചിത്രങ്ങളെ സംബന്ധിച്ച് വിവേചനപരമായ നിലപാടാണ് ബോര്‍ഡില്‍ നിന്നുണ്ടായത്. 'കസബ'യുടെ കാര്യത്തിലെ വനിതാ കമ്മീഷന്‍ നിലപാടില്‍ പരാതിയില്ല. പക്ഷേ, ആ ചിത്രത്തിലുള്‍പ്പെടെ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ല.

ടിക്കറ്റ് ചാര്‍ജിലെ സെസ് ഉയര്‍ത്തിയില്ലെങ്കില്‍ ഓണക്കാലത്ത് തിയ്യറ്ററുകള്‍ പൂട്ടിയിടുമെന്ന എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ പ്രഖ്യാപനം സമ്മര്‍ദ തന്ത്രങ്ങളുടെ തുടര്‍ച്ചയാണ്. സെസ് തുക വിഭജനം സംബന്ധിച്ച് വ്യത്യസ്തമായ നിര്‍ദ്ദേശമാണ് തനിക്കുള്ളതെന്ന് കമല്‍ പറഞ്ഞു. സെസ് ഉയര്‍ത്തുന്നതിലൂടെയുള്ള അധിക വരുമാനം കലാമൂല്യമുള്ളതും തിയ്യറ്ററില്‍ സാമ്പത്തികലാഭം ഉണ്ടാക്കാത്തതുമായ സിനിമകള്‍ക്ക് നല്‍കണമെന്നാണ് അഭിപ്രായം. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡുമായി ആലോചിച്ചാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാക്കേണ്ടത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നഗരത്തില്‍ തന്നെ കവടിയാറുള്ള പൈതൃകഭൂമിയിലെ മൂന്നര ഏക്കറില്‍ സ്ഥിരംവേദി ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. പൈതൃകഭൂമിയായതിനാല്‍ തന്നെ നിര്‍മ്മാണം സംബന്ധിച്ചുള്ള നിയന്ത്രണം മറികടക്കാന്‍ എന്തുചെയ്യുമെന്ന് ആലോചിക്കും. പത്തിലധികം സ്‌ക്രീനുകള്‍ ഇതിനായി തയ്യാറാക്കുമ്പോള്‍ അതില്‍ രണ്ടോ മൂന്നോ എണ്ണം സ്ഥിരമായി നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കും. കുട്ടികള്‍ക്കായുള്ള ചലച്ചിത്രമേള തിരിച്ചുകൊണ്ടു വരുന്നതും സജീവ പരിഗണനയിലുണ്ട്.

അക്കാദമി വൈസ് ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കുന്ന ബീനാപോള്‍ വേണുഗോപാലിന് ഇത്തവണ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്ഥാനമുണ്ടായിരിക്കില്ല. അവരും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണത്. അക്കാദമിയുടെ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ ബീനാപോളിന്റെ സജീവ സാന്നിദ്ധ്യമുണ്ടാകണമെന്നാണ് ചെയര്‍മാനെന്ന നിലയില്‍ ആഗ്രഹിക്കുന്നത്.

അക്കാദമി ചെയര്‍മാനെന്ന രീതിയിലെ തിരക്കുകള്‍ക്കിടയിലും, കമലാസുരയ്യയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ 'ആമി' ആരംഭിക്കും. സപ്തംബര്‍ 25 മുതല്‍ നവംബര്‍ അഞ്ചുവരെ കേരളത്തില്‍ ആദ്യ ഷെഡ്യൂള്‍ പ്രകാരം ചിത്രീകരണം നടക്കും. വിദ്യാബാലനാണ് കമലാസുരയ്യയാകുന്നത്. എഴുത്തുജീവിതവും സ്വകാര്യ ജീവിതവും വിഷയമാകുന്ന സിനിമയുടെ തിരക്കഥ സ്വന്തമായാണ് തയ്യാറാക്കിയത്. വിവാദങ്ങള്‍ പ്രതീക്ഷിച്ചു തന്നെയാണ് ചിത്രീകരണത്തിനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം അനുവദിക്കണമെന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് താനെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കമല്‍ പറഞ്ഞു.