രു തികഞ്ഞ രാഷ്ട്രീയക്കാരനാണ് താനെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. നിലപാടുകള്‍ മാറ്റിയും പറഞ്ഞത് മാറ്റിപ്പറഞ്ഞുമാണ് കമൽ ഇപ്പോൾ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ പിന്തുണച്ച നടപടിയിലാണ് കമലിന്റെ പുതിയ മലക്കംമറിച്ചില്‍.

നോട്ട്‌നിരോധനത്തെ അനുകൂലിച്ചതില്‍ ഖേദിക്കുന്നു എന്നാണ് തമിഴ് മാസികയായ വികടനില്‍ എഴുതിയ കോളത്തില്‍ കമല്‍ പറഞ്ഞത്. ലേഖനത്തിന്റെ തലക്കെട്ടുതന്നെ ഒരു വലിയ ക്ഷമാപണം എന്നായിരുന്നു.

കഴിഞ്ഞ നവംബറില്‍ നോട്ടുനിരോധനത്തെ പിന്തുണച്ച ചലച്ചിത്ര പ്രവര്‍ത്തകരില്‍ കമല്‍ഹാസനുണ്ടായിരുന്നു. മോദിക്ക് സെല്യൂട്ട്. നികുതിദായകരും പാര്‍ട്ടി ഭേദമന്യേ എല്ലാവരും ആഘോഷിക്കേണ്ട ഒരു തീരുമാനമാണിത്. എന്നായിരുന്നു അന്നത്തെ കമലിന്റെ ട്വീറ്റ്. ഈ നിലപാടാണ് ഇപ്പോള്‍ കമല്‍ മാറ്റിയിരിക്കുന്നത്.

നോട്ടുനിരോധനം മൂലം കള്ളപ്പണം ഇല്ലാതാകും എന്നതിനാല്‍ ജനങ്ങള്‍ ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ അന്നു പറഞ്ഞത്. ഇൗ നിലപാടിന് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ധാരണയുള്ള എന്റെ സുഹൃത്തുക്കള്‍ എന്ന വിമര്‍ശിച്ചിരുന്നു. നടപ്പിലാക്കിയതില്‍ ചെറിയ ചില പാളിച്ചകള്‍ ഉണ്ടെങ്കിലും നോട്ടുനിരോധനത്തിന്റെ ആശയം നല്ലതാണെന്ന് ഞാന്‍ പിന്നീട് ആശ്വസിച്ചു. സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് പ്രായോഗികമല്ലെങ്കിലും ആശയം നല്ലതാണെന്ന് ഞാന്‍ എന്നോടു തന്നെ പറഞ്ഞു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഒരു കാര്യം മനസ്സിലായി. ഈ വിമര്‍ശനങ്ങളോട് സര്‍ക്കാര്‍ ക്രിയാത്മകമായല്ല പ്രതികരിക്കുന്നത്. തെറ്റ് സമ്മതിക്കുകയും അത് തിരുത്തുകയും ചെയ്യുന്ന ആളാണ് നല്ല നേതാവ്. ഗാന്ധിജിക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇന്നും അത് സാധ്യമാണ്. പ്രധാനമന്ത്രി തന്റെ പിടിവാശി ഉപേക്ഷിച്ച് ക്ഷമാപണം നടത്താന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ ഒരു സെല്യൂട്ട് കൂടി കാത്തിരിക്കുന്നുണ്ട്-കമല്‍ എഴുതി.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന കമല്‍ നേരത്തെ ഇടതുപക്ഷത്തോടായിരുന്നു ചായ്‌വ് പ്രകടിപ്പിച്ചത്. ഓണത്തിന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുക വരെ ചെയ്തിരുന്നു. എന്നാല്‍, ഇതിനുശേഷം രാജനികാന്തിനൊപ്പം ചേര്‍ന്ന് തന്റെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന മട്ടിലായി അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ മാസം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദിയെ ഏറെ പുകഴ്ത്തുകയും ചെയ്തിരുന്നു കമല്‍. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരിഷ്‌കാരമായ നോട്ടുനിരോധനത്തിനെതിരെ കമല്‍ രംഗത്തുവന്നിരിക്കുന്നത്.