ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തന്നോട് പകയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ജയലളിത അന്തരിച്ചപ്പോള്‍ കമലിന്റെ പ്രതികരണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ജയയുടെ ഒപ്പമുളളവരോട് അനുതാപം രേഖപ്പെടുത്തുന്നു എന്നാണ് കമല്‍ ട്വീറ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തക സോണിയ സിങ്ങിന്റെ 'ഡിഫൈനിങ് ഇന്ത്യ ത്രൂ ദേര്‍ ഐയ്‌സ്' എന്ന പുസ്തകത്തിലാണ് കമലിന്റെ വെളിപ്പെടുത്തല്‍. 2013 ലാണ് വിശ്വരൂപം റിലീസ് ചെയ്തത്. അതെക്കുറിച്ച് കമല്‍ പറയുന്നത് ഇങ്ങനെ...
  
വിശ്വരൂപം സിനിമയുടെ പകര്‍പ്പാവകാശത്തിനായി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവിയുടെ അധികൃതര്‍ തന്നെ സമീപിച്ചു. വലിയ വാഗ്ദാനമാണ് അവര്‍ നല്‍കിയത്. അനധികൃതമായി പണം നല്‍കാമെന്ന് പറഞ്ഞു. കള്ളപ്പണമായിരുന്നു അത്. എല്ലാവര്‍ക്കും അറിയുന്ന പോലെ ഞാന്‍ കള്ളപ്പണത്തിന് എതിരാണ്. അതുകൊണ്ടു തന്നെ ആ ഭീമമായ വാഗ്ദാനം ഞാന്‍ നിരസിച്ചു. ജയലളിതയോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടല്ല ഞാന്‍ അങ്ങനെ ചെയ്തത്. പക്ഷേ അവര്‍ അങ്ങനെ കരുതി. 

പ്രശ്‌നങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു. വിശ്വരൂപം കാണുന്നതിനായി ജയലളിത രണ്ടു പേരെ അയച്ചു. സംസ്ഥാന പൊലീസ് മേധാവിയും ജയാ ടിവിയുടെ തലവനും ആയിരുന്നു അവര്‍. ജനാധിപത്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. എന്റെ സിനിമ റീലീസ് ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. സിനിമയുടെ സെന്‍സറിങ്ങ് കഴിഞ്ഞിരുന്നു. ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞ് ഡിജിപി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു. സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി ഞാന്‍ അവരുടെ കാലു പിടിക്കുമെന്നാണ് കരുതിയത്.

വിലക്കുകള്‍ നീക്കാനായി ഞാന്‍ കോടതിയെ സമീപിച്ചു. അത് വിജയിക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ലോസ് ആഞ്ജലീസില്‍ പോകുന്ന വഴിയാണ് ചിത്രം വീണ്ടും വിലക്കിയെന്ന് ഞാന്‍ അറിയുന്നത്. ഞാന്‍ അറിയരുത് എന്ന് കരുതിയാണ് ലോസ് ആഞ്ജലിസിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയപ്പോള്‍ തന്നെ അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് തോന്നി. അവിടെ വച്ച് ഞാന്‍ തീരുമാനിച്ചു. ചിത്രം ലോസ് ആഞ്ജലീസില്‍ റിലീസ് ചെയ്യുമെന്ന്. 

അങ്ങനെ അത് നടന്നു. തമിഴ്‌നാട് ഒഴികെ ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തി. എന്നാല്‍ തമിഴ്‌നാട്ടിലെ വിലക്ക് കാരണം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ദുബായ്, മലേഷ്യ എന്നിവിടങ്ങളില്‍ റിലീസ് ചെയ്യാനായില്ല. മുഖ്യമന്ത്രിയോടു മാപ്പ് പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കാമെന്നായിരുന്നു എനിക്ക് ലഭിച്ച ഉപദേശം. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല.

അപ്പോഴാണ് മറ്റൊരു തിരിച്ചടി സംഭവിക്കുന്നത്. ചിത്രം നഷ്ടത്തിലാണെന്നും മുതല്‍ മുടക്ക് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് നിര്‍മാതാവ് എന്നെ സമീപിച്ചു. സിനിമയുടെ റിലീസ് പലയിടത്തും തടഞ്ഞതിനാല്‍, പൂര്‍ണമായി വില്‍ക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പണം നല്‍കിയില്ലെങ്കില്‍ എന്റെ  സ്വത്തുക്കള്‍ ജപ്തിചെയ്യുമെന്ന ഉപാധിയോടെ അദ്ദേഹം കരാര്‍ എഴുതിവാങ്ങി. പക്ഷേ, കോടതി വിധി എനിക്ക് അനുകൂലമായിരുന്നു. സിനിമയുടെ വിലക്ക് നീങ്ങിയതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ സിനിമ റിലീസ് ചെയ്യുകയും നിര്‍മാതാവിന് മുതല്‍ മുടക്ക് തിരിച്ചു നല്‍കുകയും ചെയ്തു. ഒരുഘട്ടത്തില്‍ ചിത്രകാരന്‍ എം.എഫ്. ഹുസൈനെപ്പോലെ എനിക്കും രാജ്യം വിടേണ്ടി വരുമെന്നാണ് തോന്നിയത്- കമല്‍ പറഞ്ഞു. 

Content Highlights: kamal hassan jayalalitha clash, actor says she had personal grudge of him, vishwaroopam movie controversy