മിഴ് സിനിമയെ പ്രമേയം കൊണ്ടും അതിന്റെ അവതരണം കൊണ്ടും ഞെട്ടിച്ച ചിത്രമാണ് ശങ്കറിന്റെ ഇന്ത്യന്‍. അതിലെ സേനാപതി കമല്‍ഹാസന്റെ കരിയറിലെ  ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ്.

രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യന്‍ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. ശങ്കര്‍ തന്നെയാണ് ഈ പഴയ സൂപ്പര്‍ഹിറ്റിന്റെ രണ്ടാംഭാഗവും ഒരുക്കുന്നത്. കമല്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ വച്ച് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ടാം വരവില്‍, പക്ഷേ, ഇന്ത്യന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാഷ്ട്രീയത്തിലിറങ്ങാന്‍ ഉറച്ചുനില്‍ക്കുന്ന കമല്‍ഹാസന്റെ അവസാന ചിത്രമായിരിക്കും രണ്ടാം ഇന്ത്യന്‍ എന്ന അഭ്യൂഹം ശക്തമാണ് കോളിവുഡില്‍. കമലിന്റെ രാഷ്ട്രീയ പ്രവേശനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. രാഷ്ട്രീയത്തില്‍ സജീവമായാല്‍ സിനിമാഭിനയം നിര്‍ത്തുമെന്നും കമല്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

രാഷ്ടീയ പ്രവേശനത്തിന് തൊട്ടു മുന്‍പ് ഇന്ത്യന്‍ പോലെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ കഥ പറയുന്ന ചിത്രം തന്നെ കമല്‍ തിരഞ്ഞെടുത്തതും ബോധപൂര്‍വമാണെന്നും കരുതുന്നവരുണ്ട്. അടിമുടി സിനിമാമയമായ തമിഴ് രാഷ്ട്രീയത്തിലേയ്ക്കുള്ള ഏറ്റവും നല്ല ചവിട്ടുപടിയായിട്ടാണ് അഴിമതിക്കെതിരായ വീറുറ്റ പോരാട്ടത്തിന്റെ കഥ പറയുന്ന ഇന്ത്യന്റെ രണ്ടാം ഭാഗത്തെ പലരും കണക്കാക്കുന്നത്.

കമല്‍ അച്ഛന്റെയും മകന്റെയും ഇരട്ടവേഷമണിഞ്ഞ ഇന്ത്യന്‍ 1996ലാണ് പുറത്തിറങ്ങിയത്. പിന്നീട് തെലുങ്കില്‍ ഭാരതീയുഡു എന്ന പേരിലും ഹിന്ദിയില്‍ ഹിന്ദുസ്ഥാനി എന്ന പേരിലും മൊഴിമാറ്റി ഇറക്കി. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഇന്ത്യനില്‍ മനീഷ് കൊയ്‌രാളയും ഊര്‍മിളയുമായിരുന്നു നായികമാര്‍. എ.ആര്‍.റഹ്മാന്റെ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

kamal hassan