സിനിമയിൽ 62 വർഷം പിന്നിടുകയാണ് ഉലകനായകൻ കമൽഹാസൻ. താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിക്രമിന്റെ സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിലെ കമലിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് ആശംസകൾ നേർന്നത്. കമൽഹാസൻ വാളുമായി പുറം തിരിഞ്ഞ് നിൽക്കുന്നതാണ് പോസ്റ്റർ. 'സിംഹം എന്നും സിംഹം തന്നെയായിരിക്കും' എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

കമൽ ഹാസന് പുറമേ ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന്‌ ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നരേന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ഒരു ആക്ഷന്‍- പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

content highlights : kamal hassan celebrates 62 years in film industry new poster from lokesh kanakaraj movie vikram